വാച്ചർ ശക്തിവേലിൻ്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് വനം മന്ത്രി
തിരുവനന്തപുരം: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ശക്തിവേലിന്‍റെ കുടുംബത്തിനു 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഇടുക്കി ജില്ലയിലെ കാട്ടാന ശല്യം ഉൾപ്പെടെയുള്ള മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ അടിയന്തര യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. ആനകളെ നിരീക്ഷിക്കാൻ പോയ വാച്ചർമാരുടെ സംഘത്തിന്‍റെ ഭാഗമായിരുന്ന ഫോറസ്റ്റ് വാച്ചർ ശക്തിവേലിൻ്റെ മരണം നിർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.
ജനവാസ മേഖലകളിൽ നിന്ന് കാട്ടാനകളെ കാട്ടിലേക്ക് അയയ്ക്കുന്നതിൽ വിദഗ്ദ്ധനായ, ദീർഘകാല അനുഭവമുള്ള വാച്ചറെയാണ് വനം വകുപ്പിനു നഷ്ടമായത്. ശക്തിവേലിന്‍റെ കുടുംബത്തിനു 15 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിനു അർഹതയുണ്ടെന്നും അതിൽ 5 ലക്ഷം രൂപ നാളെ തന്നെ നൽകുമെന്നും മന്ത്രി പറഞ്ഞു. അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് ബാക്കി 5 ലക്ഷം രൂപ വനംവകുപ്പ് ഏർപ്പെടുത്തിയ ഇൻഷുറൻസിൽ നിന്ന് നൽകും.
വനം വകുപ്പിന്‍റെ ദ്രുതകർമ്മ സേന വിപുലീകരണം ഉടൻ നടത്തുമെന്ന് മന്ത്രി പറഞ്ഞു. ആർ.ആർ.ടി.യുടെ വിപുലീകരണം ധനവകുപ്പിന്‍റെ പരിഗണനയിലാണ്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചറുടെ കുടുംബത്തിനു ആശ്രിത നിയമനം നൽകും. വന്യമൃഗങ്ങളുടെ തുടർച്ചയായ വരവ് സംബന്ധിച്ച് വിദഗ്ദ്ധ പഠനം ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി.