ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 7ന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി പാരിഷ് ഹാളില്‍ ജില്ലാ സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
കട്ടപ്പന . ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 7ന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി പാരിഷ് ഹാളില്‍ ജില്ലാ സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.മനോജ് ഉദ്ഘാടനം ചെയ്യും. ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് സാബു ഏബ്രഹാം അധ്യക്ഷത വഹിക്കും.
ഭരണഘടനയും നിയമവും ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ നേടിയെടുക്കാനും തങ്ങളുടെ അവകാശങ്ങളെപ്പറ്റി അംഗങ്ങളെ ബോധവല്‍ക്കരിക്കാനും അവരുടെ സമഗ്ര പുനരധിവാസത്തിനും ക്ഷേമത്തിനും ഉന്നമനത്തിനുമായാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് സംസ്ഥാന ട്രഷറര്‍ റോയി ജേക്കബ്, ജില്ലാ പ്രസിഡന്റ് സാബു ഏബ്രഹാം എന്നിവര്‍ പറഞ്ഞു. മുന്‍പ് കൃത്യമായി ലഭിച്ചിരുന്ന പെന്‍ഷന്‍ തുക കഴിഞ്ഞ മൂന്നു മാസമായി ലഭിക്കാത്തതിനാല്‍ ഈ തുകയെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്നവര്‍ ഏറെ ദുരിതത്തിലാണ്. നിലവില്‍ 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുന്നത്. ഇത് 2500 രൂപയാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. ആശ്വാസ കിരണം പദ്ധതി പ്രകാരം ലഭിച്ചിരുന്ന 600 രൂപ 2 വര്‍ഷമായി കുടിശികയായതും അംഗങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഇത്തരം പ്രതിസന്ധികള്‍ക്കിടയിലാണ് കുടുംബ സംഗമം സംഘടിപ്പിക്കുന്നത്. 250ഓളം അംഗങ്ങളാണ് ജില്ലയില്‍ ഉള്ളത്. അതില്‍ 120ഓളം പേരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പെടെ 350ല്‍ അധികം ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കും. വിവിധ സംഘടനകളുടെയും മറ്റും സഹായത്തോടെ ലഭ്യമാക്കിയ 20 വീല്‍ചെയറുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും. കൂടാതെ മറ്റ് ഉപകരണങ്ങളും വിതരണം ചെയ്യും. 500 രൂപ വിലമതിക്കുന്ന ഭക്ഷ്യക്കിറ്റുകള്‍ 125 പേര്‍ക്ക് നല്‍കും. കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി വാഹന കൂലി ഇനത്തില്‍ 1000 രൂപയും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.