എം.ശിവശങ്കർ ഈ മാസം സർവീസിൽ നിന്നും വിരമിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കർ ഈ മാസം സർവീസിൽ നിന്ന് വിരമിക്കും. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 98 ദിവസം ജയിൽ ശിക്ഷ അനുഭവിച്ച ശിവശങ്കർ 1995 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. സർവീസിൽ നിന്ന് സ്വമേധയാ വിരമിക്കാൻ നേരത്തെ അപേക്ഷ നൽകിയിരുന്നെങ്കിലും കോടതിയിൽ കേസുള്ളതിനാൽ അനുമതി കിട്ടിയിരുന്നില്ല.
തന്‍റെ ജയിൽ ജീവിതത്തെ ആസ്പദമാക്കി ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പേരിൽ ഒരു പുസ്തകം രചിച്ചിരുന്നു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അറിയാമെന്നും സ്വർണക്കടത്ത് ബന്ധത്തെക്കുറിച്ച് അറിയില്ലെന്നും ശിവശങ്കർ വെളിപ്പെടുത്തി. പിന്നീട് ‘ചതിയുടെ പദ്മവ്യൂഹം’ എന്ന പേരിൽ ശിവശങ്കറിനെ വിമർശിച്ച് സ്വപ്നയും പുസ്തകം എഴുതി.
സ്വർണക്കടത്തു സംഘത്തെ സഹായിച്ചെന്ന കേസുമായി ബന്ധപ്പെട്ട് 2020 ഒക്ടോബർ 28 നാണ് എം ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. ഇത്തരമൊരു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉന്നത പദവി വഹിച്ചിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ പേരുകൾ പുറത്തുവന്നതിനു പിന്നാലെയാണ് ശിവശങ്കറിന്‍റെ പങ്കും ഉയർന്നത്.