ചിന്താ ജെറോമിനു ശമ്പള കുടിശ്ശിക അനുവദിച്ച് സർക്കാർ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്ത് ചിന്ത ജെറോമിനു ശമ്പള കുടിശ്ശിക അനുവദിച്ച് സംസ്ഥാന സർക്കാർ. 17 മാസത്തെ കുടിശ്ശികയായി 8.50 ലക്ഷം രൂപ അനുവദിച്ചു. കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ടത് ചിന്തയാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ താൻ അത് ആവശ്യപ്പെട്ടിട്ടില്ലെന്ന് ചിന്ത അവകാശപ്പെട്ടു. ശമ്പളം നേരത്തെ ഒരു ലക്ഷം രൂപയായി ഉയർത്തിയിരുന്നു. സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ചിന്ത ശമ്പളക്കുടിശ്ശികയും ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
കായിക യുവജനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണ് ഉത്തരവിറക്കിയത്. ചിന്തയ്ക്ക് 6/1/17 മുതൽ 26/5/18 വരെ മുൻകാല പ്രാബല്യത്തോടെ 17 മാസത്തെ ശമ്പളം ലഭിക്കും. ഈ കാലയളവിൽ ചിന്തയുടെ പ്രതിമാസ ശമ്പളം 50,000 രൂപയായിരുന്നു. മുൻകാല പ്രാബല്യത്തോടെ ശമ്പളം ഒരു ലക്ഷം രൂപയായി ഉയർത്തുന്നതിലൂടെ ചിന്തയ്ക്ക് 8.50 ലക്ഷം രൂപ ലഭിക്കും.
ചിന്തയുടെ ശമ്പളം 26/5/18 മുതൽ 1 ലക്ഷം രൂപയായി നേരത്തെ തന്നെ സർക്കാർ ഉയർത്തിയിരുന്നു. മുൻകാല പ്രാബല്യത്തോടെ ശമ്പളക്കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് ചിന്ത ജെറോം 20/8/22ൽ സർക്കാരിനു കത്തയച്ചിരുന്നു. ചെയർപേഴ്സണായി നിയമിതയായ 14/10/16 മുതൽ ചട്ടങ്ങൾ രൂപീകരിച്ച കാലയളവ് വരെ ലഭിച്ച ശമ്പളത്തിന്‍റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. അതിനാൽ 14/10/16 മുതൽ 25/5/18 വരെ അഡ്വാൻസായി ലഭിച്ച തുകയും യുവജന കമ്മിഷൻ ചട്ടപ്രകാരം നിശ്ചയിച്ച ശമ്പളവും തമ്മിലുള്ള കുടിശ്ശിക നൽകണമെന്ന് 20/8/22 ലെ കത്തിൽ ചിന്താ ജെറോം സർക്കാരിനോട് അഭ്യർത്ഥിച്ചു.