ദുരന്ത മേഖലകളിൽ ഇനി നാട്ടുകാരുടെ പ്രതികരണ സേന
തൊടുപുഴ: ദുരന്ത സ്ഥലങ്ങളില്‍ സഹായഹസ്തമേകാന്‍ ആപ്ദ മിത്ര പദ്ധതി ഒരുങ്ങുന്നു. ഒരു പ്രദേശത്ത് അപകടങ്ങളോ ദുരന്തമോ ഉണ്ടായാല്‍ ആദ്യം പ്രതികരിക്കുന്നത് ആ നാട്ടുകാരായിരിക്കും.പ്രാദേശിക തലത്തില്‍ ഇതിന് സന്നദ്ധരായവരെ കണ്ടെത്തി പരിശീലനം നല്‍കി ദുരന്ത മേഖലകളില്‍ സഹായ ഹസ്തമേകുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റി നേതൃത്വത്തിലാണ് ജില്ലയില്‍ പദ്ധതിയുടെ പരിശീലനം പുരോഗമിക്കുന്നത്.
ഇതിന്‍റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ആപ്ദ മിത്ര വളന്‍റിയര്‍മാര്‍ക്കുള്ള പരിശീലനമാണ് നടക്കുന്നത്. പ്രാദേശിക അഗ്നിരക്ഷാ സേന സ്റ്റേഷനുകള്‍ അവരുടെ അധികാരപരിധിയിലെ പതിവ് അടിയന്തര സാഹചര്യങ്ങളില്‍ ഇവരെ ഉള്‍പ്പെടുത്തും. ജില്ലയില്‍നിന്ന് 300 പേരെ പദ്ധതിയുടെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി കേന്ദ്രാവിഷ്കൃത കമ്യൂണിറ്റി വളന്‍റിയര്‍ പ്രോഗാമാണ് ആപ്ദ മിത്ര. ദുരന്തങ്ങളില്‍ വേഗത്തിലും ഫലപ്രദമായും പ്രതികരിക്കാന്‍ ശാരീരിക ക്ഷമതയുള്ള പൊതുജനങ്ങളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ കോട്ടയം ജില്ലയിലാണ് പരിപാടി ആദ്യം നടപ്പാക്കിയത്.
പരിശീലനം പൂര്‍ത്തിയാക്കുന്ന കമ്യൂണിറ്റി വളന്‍റിയര്‍മാര്‍ക്ക് എമര്‍ജന്‍സി ലാമ്ബുകള്‍, ഹെല്‍മറ്റുകള്‍, ഗം ബൂട്ടുകള്‍, സുരക്ഷ കണ്ണടകള്‍, ലൈഫ് ജാക്കറ്റുകള്‍ എന്നിവ അടങ്ങിയ ദുരന്ത നിവാരണ കിറ്റുകളും നല്‍കും. 18നും 40നും മധ്യേ പ്രായമുള്ള കുറഞ്ഞത് ഏഴാം ക്ലാസ് വിദ്യാഭ്യാസമുള്ള ശാരീരിക ക്ഷമതയുള്ള അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. ആവശ്യമെങ്കില്‍ ജില്ലയില്‍ വളന്‍റിയര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കും. ഓരോ ജില്ലയിലെയും സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം ജില്ലതല ജനസംഖ്യയെ ആശ്രയിച്ചിരിക്കും.