എറണാകുളം ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്
എറണാകുളം ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്.എന്താണ് നോറോ വൈറസ്?
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ‘വൊമിറ്റിങ് ബഗ്’ എന്ന പേരിലും ഈ വൈറസ് അറിയപ്പെടുന്നു.
ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.
മലിനജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്ബര്‍ക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയില്‍ നിന്നും സ്രവങ്ങളിലൂടെ പുറത്തെത്തുന്ന വൈറസ് പ്രതലങ്ങളില്‍ തങ്ങി നില്‍ക്കുകയും അവയില്‍ സ്പര്‍ശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും. കൈകള്‍ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തില്‍ വ്യാപിക്കും.
ലക്ഷണങ്ങള്‍…
ഛര്‍ദ്ദി, വയറുവേദന, വയറിളക്കം, മനംമറിച്ചില്‍, ഉയര്‍ന്ന പനി, തലവേദന, കൈകാല്‍ വേദന, ശരീര വേദന തുടങ്ങിയവയാണ് നോറോ വൈറസിന്‍റെ രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും രോഗം ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്യും.
വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് ശ്വാസ കണികകളില്‍ കൂടി പകരാന്‍ നോറോവൈറസിനും സാധിക്കും. വൈറസ് നിറഞ്ഞ ഭക്ഷണസാധനങ്ങളും പ്രതലങ്ങളും ഇത്തരത്തില്‍ രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകും. വൈറസ് ബാധിച്ച് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. വൈറസ് ബാധിതര്‍ വീട്ടിലിരിക്കുകയും രോഗം മാറിയാലും കുറഞ്ഞത് രണ്ട് ദിവസത്തേയ്ക്ക് പുറത്തു പോകാതിരിക്കുകയും ചെയ്യുന്നതാണ് രോഗം പകരാതിരിക്കാന്‍ നല്ലത്. ആഹാരത്തിനുമുമ്ബും, ശൗചാലയത്തില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്‍ഡ് നേരമെങ്കിലും നന്നായി കഴുകുക. വൈറസ് ബാധിതര്‍ വീട്ടിലിരിക്കേണ്ടതും, ഒ.ആര്‍.എസ്. ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ കുടിക്കേണ്ടതുമാണ്.