കേരള സംസ്ഥാനത്തിന്റെ പൊതുകടം 3.90 ലക്ഷം കോടി രൂപ കവിഞ്ഞു
കേരള സംസ്ഥാനത്തിന്റെ പൊതുകടം 3.90 ലക്ഷം കോടി രൂപ കവിഞ്ഞു. ഓരോ മാസവും ധനകാര്യ വകുപ്പ് എടുത്തുകൊണ്ടിരിക്കുന്ന കടം, 3500 കോടി രൂപ വരെയാണ്.ഭീമമായ ഈ കടമെടുപ്പിന് പലരും നിരത്തുന്ന ന്യായീകരണം, കേന്ദ്രവും മറ്റു സംസ്ഥാനങ്ങളും ഇതിനേക്കാളേറെ കടമെടുക്കുന്നു എന്നാണ്. മറ്റിടങ്ങളിലെ കടമെടുപ്പ് അടിസ്ഥാന സൗകര്യവികസനത്തിനും, മറ്റ് പ്രത്യുത്പാദനപരമായ ആവശ്യങ്ങള്‍ക്കുമാണെങ്കില്‍, ഇവിടത്തെ കടമെടുപ്പ് ശമ്ബളവും പെന്‍ഷനും കൊടുക്കാനാണ്. ‘പൂച്ചക്കാര് മണികെട്ടും” എന്ന ചൊല്ലുപോലെ, കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും യഥാര്‍ത്ഥ പ്രശ്നങ്ങളെ അവഗണിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശക്തമായ യൂണിയനുകളെ എതിര്‍ക്കാന്‍ ഇരുമുന്നണികള്‍ക്കും താത്പര്യമില്ലെന്നതുതന്നെ.
സംസ്ഥാനത്തെ ധനസ്ഥിതി കൂടുതല്‍ വഷളാക്കുന്നത് കെ.എസ്.ആര്.ടി.സി, കെ. എസ്. ഇ.ബി, കെ.ഡബ്ളിയു.എ (വാട്ടര്‍ അതോറിട്ടി) എന്നീ സ്വതന്ത്ര സ്ഥാപനങ്ങളാണ്. ആറു കോടി രൂപയാണ് കെ.എസ്.ആര്.ടി.സിയുടെ പ്രതിദിന നഷ്ടം. കെ.എസ്.ഇ.ബിയുടെ പ്രതിദിന നഷ്ടം നാലുകോടി രൂപ. വാട്ടര്‍ അതോറിട്ടി രണ്ടുകോടി രൂപ നഷ്ടവുമായി തൊട്ടു പിന്നിലുണ്ട്. 6 – 4- 2 ഫോര്‍മുലയനുസരിച്ച്, ഈ മൂന്നു സ്ഥാപനങ്ങളും കൂടി മലയാളികളുടെ 12 കോടി രൂപ ദിവസവും ചോര്‍ത്തുന്നു. കെ.എസ്.ആര്.ടി.സിയെ നന്നാക്കാനുള്ള പരിശ്രമങ്ങള്‍ അനേക ദശകങ്ങളായി നടക്കുന്നുണ്ടെങ്കിലും, എല്ലാം പരാജയപ്പെട്ടതേയുള്ളൂ. കെ.എസ്.ആര്.ടി.സിയെ എയര്‍ ഇന്ത്യാ മോഡലില്‍ സ്വകാര്യവത്കരിക്കുക മാത്രമേ ഇനി മാര്‍ഗമുള്ളൂ. താത്പര്യമില്ലാത്ത തൊഴിലാളികള്‍ക്ക് മാന്യമായ നഷ്ടപരിഹാരത്തോടെ വി.ആര്.എസ് നല്‍കണം. കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി നല്ല രീതിയില്‍, നടത്തിയിരുന്നെങ്കില്‍, കെ.എസ്.ഇ.ബിയില്‍ നിന്നുള്ള ലാഭംകൊണ്ടു മാത്രം കേരളത്തിലെ ധനക്കമ്മി പരിഹരിക്കാമായിരുന്നു. യൂണിയനുകളുടെ സമ്മര്‍ദ്ദം നിമിത്തം ഉൗര്‍ജ്ജരംഗത്ത് മത്സരം കൊണ്ടുവരാന്‍ കേരള സര്‍ക്കാരിന് സാധിക്കുന്നില്ല.
കെ.എസ്.ഇ.ബിയെ ഉത്പാദനം, പ്രസരണം, വിതരണം എന്നിങ്ങനെ മൂന്നു ഘടകങ്ങളാക്കി വിഭജിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം ദശകങ്ങളായി നടപ്പാക്കിയിട്ടില്ല. സംസ്ഥാനത്തെ തെക്കന്‍ മേഖല, മദ്ധ്യ മേഖല, വടക്കന്‍ മേഖല എന്നിങ്ങനെ മൂന്ന് വ്യത്യസ്ത എസ്.ബി.യു ആയി തിരിച്ചാല്‍ ഉൗര്‍ജ്ജരംഗത്ത് മത്സരം കൊണ്ടുവരാം. സംസ്ഥാനത്ത് ഉപയോഗിക്കുന്ന കറന്റില് മൂന്നില്‍ രണ്ടുഭാഗവും പുറമേ നിന്ന് വാങ്ങുന്നതാണ്. എണ്ണായിരം കോടി രൂപയിലേറെയാണ് ഓരോ വര്‍ഷവും ഇതിനുവേണ്ടി ചെലവഴിക്കുന്നത്. 778 മെഗാവാട്ട് ശേഷിയുള്ള 128 ചെറുകിട ജലവൈദ്യുത പദ്ധതികളാണ് കേരളത്തില്‍ മുടങ്ങിക്കിടക്കുന്നത്. അടുത്തകാലത്ത് വൈദ്യുതിമന്ത്രി തന്നെ പറഞ്ഞതനുസരിച്ച്, ജലവൈദ്യുതിക്ക് യൂണിറ്റൊന്നിന് 51 പൈസ മാത്രമേ ഉത്പാദന ചെലവ് വരുന്നുള്ളൂ. കെ.എസ്.ഇ.ബി ഓരോ വര്‍ഷവും ഉണ്ടാക്കുന്ന ഭീമമായ നഷ്ടത്തിന്റെ കാരണം ഇതില്‍നിന്ന് വ്യക്തം.
കേരളത്തില്‍ ഗാര്‍ഹിക, വാണിജ്യ, വ്യാവസായിക ആവശ്യങ്ങള്‍ക്കെല്ലാം ശുദ്ധജലം വിതരണം ചെയ്യുന്നത് വാട്ടര്‍ അതോറിട്ടിയാണ്. വാട്ടര്‍ അതോറിട്ടിയുടെ പ്രതിദിന പ്രവര്‍ത്തന നഷ്ടം രണ്ടുകോടി രൂപയാണ്. ഈ നഷ്ടത്തിന്റെ അടിസ്ഥാന കാരണം വെള്ളത്തിന്റെ ചോര്‍ച്ചയാണ്. വാട്ടര്‍ അതോറിട്ടി ശുദ്ധീകരിച്ച് പമ്ബുചെയ്യുന്ന വെള്ളത്തില്‍ 45 ശതമാനവും ലീക്കായി നഷ്ടമാകുന്നു. ഈ ചോര്‍ച്ച അടച്ചാല്‍ത്തന്നെ വാട്ടര്‍ അതോറിട്ടി ലാഭത്തിലാക്കാം. രണ്ട് കാരണങ്ങള്‍ കൊണ്ടാണ് മണ്ണിനടിയില്‍ കിടക്കുന്ന പൈപ്പ് ലീക്കാകുന്നത്. ഒന്നാമതായി അത് ഒരു മീറ്റര്‍ താഴ്ചയില്‍ കുഴിച്ചിട്ടിട്ടില്ല. രണ്ടാമത് മണ്ണിട്ടു മൂടുന്നതിനു മുമ്ബായി പൈപ്പ്, അതിന്റെ രൂപകല്പനാ മര്‍ദ്ദം എത്രയാണോ, അതിന്റെ ഒന്നരമടങ്ങില്‍ ഹൈഡ്രോ ടെസ്റ്റ് ചെയ്തിട്ടില്ല. വര്‍ക്ക് മെത്തഡോളജിയില്‍ ഈ രണ്ട് കാര്യങ്ങള്‍ ഉറപ്പുവരുത്തിയാല്‍ വാട്ടര്‍ അതോറിട്ടിയും രക്ഷപ്പെടും, കേരളത്തിലെ റോഡുകളും രക്ഷപ്പെടും.
സര്‍ക്കാരിന്റെ ധനക്കമ്മി പരിഹരിക്കാന്‍ ഓരോ ഡിപ്പാര്‍ട്ട്മെന്റിലും അധികമുള്ള ജീവനക്കാരെ മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളിലേക്ക് പുനര്‍വിന്യസിക്കുക. പെന്‍ഷന്‍പ്രായം 58 വയസാക്കുക. ഭാര്യയും ഭര്‍ത്താവും പെന്ഷന് വാങ്ങുന്നവരാണെങ്കില്‍, മൊത്തം പെന്‍ഷന്‍തുക, ഒരു കുടുംബത്തിന് ഒരുലക്ഷം രൂപയായി നിജപ്പെടുത്തുക. അടുത്ത അഞ്ചുവര്‍ഷത്തേക്ക് ശമ്ബളവും പെന്‍ഷനും കൂട്ടാതിരിക്കുക. പെന്‍ഷണറുടെ മരണശേഷം പങ്കാളിക്ക് പെന്ഷന് എന്ന വ്യവസ്ഥയ്ക്ക് പകരം ‘പങ്കാളി പെന്ഷണര് അല്ലെങ്കില്‍ മാത്രം പെന്ഷന് എന്ന വ്യവസ്ഥ വയ്ക്കുക. ലേഖകന്‍ പള്ളിവാസല്‍ പദ്ധതിയുടെ മുന്‍ പ്രോജക്ട് മാനേജരാണ് ഫോണ്‍ : 82814 05920