ഒരു നായ്ക്കുട്ടിയോ പൂച്ചയോ അനാഥമായി തെരുവില്‍ ഉപേക്ഷിക്കപ്പെട്ടാല്‍, മുറിവേറ്റ് വേദനിച്ചാല്‍ കീര്‍ത്തിദാസിനും സുഹൃത്ത് മഞ്ജുവിനും ഉള്ളം പിടയും
തൊടുപുഴ: ഒരു നായ്ക്കുട്ടിയോ പൂച്ചയോ അനാഥമായി തെരുവില്‍ ഉപേക്ഷിക്കപ്പെട്ടാല്‍, മുറിവേറ്റ് വേദനിച്ചാല്‍ കീര്‍ത്തിദാസിനും സുഹൃത്ത് മഞ്ജുവിനും ഉള്ളം പിടയും.ഇവരുടെ സ്നേഹത്തിന്‍റെ കരുതലും കരങ്ങളുമാണ് പിന്നീട് അവക്ക് ആശ്രയം. അങ്ങനെ തെരുവില്‍നിന്ന് കണ്ടെടുത്ത് ഇപ്പോള്‍ ഇവര്‍ പരിപാലിക്കുന്നത് അമ്ബതോളം നായ്ക്കളെയാണ്. പൂച്ചകള്‍ വേറെ. വെള്ളിയാമറ്റം പഞ്ചായത്തിലെ വെട്ടിമറ്റം തേന്‍മാരി ഭാഗത്ത് വാടകവീട്ടിലാണ് കീര്‍ത്തിദാസ് താമസിക്കുന്നത്. സ്വന്തമായി വീടില്ലെങ്കിലും പക്ഷിമൃഗാദികള്‍ക്ക് ഇവിടെ അഭയകേന്ദ്രമുണ്ട്. വീടിനു പിന്നിലായി പ്രത്യേകം കൂടുകള്‍ സ്ഥാപിച്ചിരിക്കുന്നു.
തൊടുപുഴ കോലാനി മുണ്ടുകാട്ടില്‍ ബാലകൃഷ്‌ണന്റെയും ശാന്തമ്മയുടെയും മകളായ മഞ്ജുവിനൊപ്പം കീര്‍ത്തിദാസ് മൃഗങ്ങളുടെയും പക്ഷികളുടെയും പരിപാലനം തുടങ്ങിയിട്ട് 12 വര്‍ഷത്തോളമായി. വിവിധ പേരിട്ട് വിളിക്കുന്ന 15 കുഞ്ഞുങ്ങളടക്കം അമ്ബതോളം നായ്ക്കള്‍ ഇന്ന് ഇവരുടെ സംരക്ഷണയിലാണ്. പൂച്ചകളുമുണ്ട് പത്തിലേറെ. ജീവികളുടെ മരുന്നും പരിപാലനവും ഭക്ഷണവുമെല്ലാം ചെലവേറിയതാണെങ്കിലും കീര്‍ത്തിദാസും മഞ്ജുവും അവയെ കൈയൊഴിയാറില്ല. സര്‍ക്കാറില്‍നിന്നോ മറ്റ് ഏജന്‍സികളില്‍നിന്നോ സഹായമില്ല.
ദിവസവും 10 കിലോ അരിയുടെ ചോറ് വേണം. ഇറച്ചിയോ മീനോ വേറെയും. നാട്ടുകാരും ചില അഭ്യുദയകാംക്ഷികളും അരി സൗജന്യമായി നല്‍കും. ‘ഇടുക്കി സേവ് ദ അനിമല്‍’ സംഘടനയിലെ അംഗങ്ങളുടെ സഹായവുമുണ്ട്. സാമൂഹികക്ഷേമ വകുപ്പില്‍ ജീവനക്കാരിയായ അമ്മ രാധ മകന്‍റെ പക്ഷിമൃഗ പരിപാലനത്തിന് സഹായവുമായി കൂടെയുണ്ട്. ‘സേവ് ദ അനിമല്‍’ സംഘടനയില്‍ കീര്‍ത്തിദാസും മഞ്ജുവുമടക്കം 34 അംഗങ്ങളുണ്ട്. അവരില്‍ നായ് പിടിത്തത്തിന് ലൈസന്‍സുള്ളത് ഇവര്‍ രണ്ടുപേര്‍ക്ക് മാത്രം. ജില്ലയില്‍ ഈ ലൈസന്‍സുള്ള ഏക വനിതയും മഞ്ജുവാണ്.
നായ് പിടിത്തത്തിനിടെ ഇരുവര്‍ക്കും പലതവണ പേപ്പട്ടിയുടെയടക്കം കടിയേറ്റിട്ടുണ്ട്. തെരുവില്‍നിന്ന് കിട്ടുന്ന നായ്ക്കളെ പരിചരിച്ച് ആരോഗ്യമുള്ളവയാക്കി തെരുവില്‍തന്നെ വിടും. നല്ലയിനം നായ്‌ക്കളെ ചോദിച്ചെത്തുന്നവര്‍ക്ക് സൗജന്യമായും നല്‍കും. ജില്ലയിലെ മികച്ച മൃഗസംരക്ഷണ പരിപാലന അവാര്‍ഡ് അടുത്തിടെ മഞ്ജുവിന് ലഭിച്ചിരുന്നു. മൃഗപരിപാലനം കഴിഞ്ഞ് കീര്‍ത്തിദാസിന് പലപ്പോഴും കൂലിപ്പണിക്ക് പോകാന്‍ കഴിയാറില്ല. ഹൃദയസംബന്ധമായ രോഗവും ആസ്‌ത്മയുമുള്ള മഞ്ജുവിന് ചികിത്സക്ക് നല്ലൊരു തുക വേണം. എങ്കിലും സ്വന്തം പ്രാരബ്ധങ്ങള്‍ മറന്ന് ഇവര്‍ ആരോരുമില്ലാത്ത നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമായി ജീവിതം മാറ്റിവെക്കുന്നു.