കർക്കശ നിയന്ത്രണവും പരിശോധനയും ഇതുവരെ ഇടുക്കിയിൽ 3354 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
ഇടുക്കി: ജില്ലയില്‍ കോവിഡ് വ്യാപന തോത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളും ആരംഭിച്ചു. സ്വകാര്യ വാഹനങ്ങള്‍, മാര്‍ക്കറ്റുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍, ബസുകളിലെ യാത്രക്കാരുടെ എണ്ണം, സാമൂഹിക അകലം പാലിക്കല്‍, ശരിയായ രീതിയില്‍ മാസ്‌ക്ക് ധരിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് വിവിധ തരത്തിലുള്ള കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ കണ്ടെത്തി 197 ആളുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതുവരെ 3354 പെറ്റി കേസുകള്‍ എടുത്തിട്ടുണ്ട്. 19,226 പേരെ താക്കീത് ചെയ്ത് വിട്ടയച്ചു. കൂടാതെ 1472 വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധനകള്‍ നടത്തുകയും ചെയ്തു. പോലീസ് സ്റ്റേഷനുകളില്‍ അവശ്യ ഡ്യൂട്ടിക്ക് ശേഷമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരെയും കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി നിയോഗിച്ചിരിക്കുകയാണ്. പരിശോധനകള്‍ക്കായി ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസാമി, അഡീഷണല്‍ എസ്പി എസ്. സുരേഷ് കുമാര്‍ എന്നിവരുടെ നേതൃതത്തില്‍ ജില്ലയിലെ എല്ലാ ഡിവൈഎസ്പിമാരും, എല്ലാ എസ്എച്ച്ഓമാരും, 160 എസ്‌ഐ/എഎസ്‌ഐ മാരും 750 ഓളം പോലീസ് ഉദ്യോഗസ്ഥരും രംഗത്തുണ്ട്. ജില്ലയിലെ നാല് അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും പോലീസും ഇതര ഡിപ്പാര്‍ട്ടുമെന്റുകളുടെയും സംയുക്ത പരിശോധനയും നടത്തിവരുന്നത് തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.