പ്രധാന വാര്‍ത്തകള്‍
വേനൽ കടുത്തു; ഇടുക്കിയിൽ കാട്ടുതീ ഭീതി; ജാഗ്രതാ നിർദേശം
വേനല്‍ കടുക്കുന്നതോടെ ഇടുക്കിയിൽ കാട്ടുതീ ഭീതി. മൊട്ടക്കുന്നുകളിലാണ് തീ പടരാൻ സാധ്യത. ഇതോടെ വിനോദ സഞ്ചാരികളുടെ ക്യാമ്പ് ഫയറുകൾക്ക് നിരോധനം ഏർപ്പെടുത്തി.
മൊട്ടക്കുന്നുകള്‍ കരിഞ്ഞുണങ്ങിയതോടെ തീ പടര്‍ന്ന് പിടിക്കാന്‍ സാധ്യത ഏറെയാണ്. അതിനാൽ ജാഗ്രതയിലാണ് അഗ്നി രക്ഷാ സേന. മുൻ വർഷങ്ങളിൽ കൂടുതൽ കാട്ടുതീ ഉണ്ടായ സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം നൽകിക്കഴിഞ്ഞു. മൊട്ടക്കുന്നുകളിൽ പടർന്നു പിടിക്കുന്ന തീ കൃഷിയിടങ്ങളിലേക്ക് വ്യാപിക്കാറുണ്ട്. ഇത് വലിയ നാശനഷ്ടത്തിന് വഴിവെക്കും. സഞ്ചാരികൾ ക്യാമ്പ് ഫയറുകൾ നടത്തിയാൽ പലപ്പോഴും തീ അണക്കാറില്ല. ഇതും തീ പിടിത്തത്തിന് കാരണമാകാറുണ്ട്. അതിനാലാണ് ക്യാമ്പ് ഫയറുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
മുൻ വർഷങ്ങളിൽ കാട്ടു തീ ഏറ്റവും അധികം നാശം വിതച്ചത് രാമക്കൽമേട്, കൈലാസപ്പാറ മലനിരകൾ, ഉടുമ്പഞ്ചോല തുടങ്ങിയിടങ്ങളിലാണ്.