പ്രധാന വാര്‍ത്തകള്‍
കാൽവരി മൗണ്ട് ടൂറിസം ഫെസ്റ്റ്: വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം
കാൽവരി മൗണ്ട് ടൂറിസം ഫെസ്റ്റിനും ജില്ലയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിനും മുന്നോടിയായി സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരന്നു. ചെണ്ട മേളത്തിന്റെ അകമ്പടിയിൽ ആദിവാസി നൃത്തത്തോടെയാണ് കാൽവരിമൗണ്ട് ജംഗ്ഷനിൽ നിന്ന് വൈകിട്ട് 4.30 ന് ഫെസ്റ്റ് നഗരിയിലേക്ക് ഘോഷയാത്ര ആരംഭിച്ചത്. പരമ്പരാഗത വേഷങ്ങളായ ചട്ടയുംമുണ്ടും സെറ്റ് സാരിയും, വിവിധ തരത്തിലുള്ള യൂണിഫോം സാരികളും ധരിച്ച് എത്തിയ കുടുംബശ്രീ അംഗങ്ങളും, കാമാക്ഷി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങളും സാംസ്കാരിക ഘോഷയാത്രയെ വർണ്ണാഭമാക്കി. ഘോഷയാത്രയിലുടനീളം ആദിവാസി സംഘം അവതരിപ്പിച്ച നൃത്തം കാഴ്ചക്കാരിൽ കൗതുകമുണർത്തി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ- സാമൂഹിക രംഗത്തെ പ്രമുഖരും അടക്കം നിരവധി പേർ സാംസ്കാരിക ഘോഷയാത്രയിൽ അണിചേർന്നു.