പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് നിലച്ചു; മാലിന്യം കുമിഞ്ഞ് മൂന്നാർ…
മൂന്നാർ ∙ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് നിലച്ചതോടെ മാലിന്യം കുമിഞ്ഞ് മൂന്നാർ. പഞ്ചായത്തിന് കീഴിൽ കല്ലാറിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കയറ്റിവിടാനാവാതെ കെട്ടിക്കിടക്കുന്നത്. മൂന്നാർ മേഖലയിൽ നിന്ന് ശേഖരിച്ച് കല്ലാറിലെത്തിച്ച് തരം തിരിക്കുന്ന പ്ലാസ്റ്റിക് അടിമാലി വാളറയിൽ പ്രവർത്തിക്കുന്ന എക്സ് സർവിസ് മെൻ ട്രസ്റ്റിന്റെ കീഴിലുള്ള പ്ലാസ്റ്റിക് സോർട്ടിങ് കേന്ദ്രമാണ് കൊണ്ടുപോയിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഒന്നര വർഷമായി ഇവർ ഇവിടെ നിന്ന് പ്ലാസ്റ്റിക് എടുക്കുന്നില്ല.
ഇതുമൂലം അന്ന് മുതലുള്ള പ്ലാസ്റ്റിക് മാലിന്യം ചാക്കുകളിൽ നിറച്ച് ഇവിടെ സൂക്ഷിച്ചിരിക്കുന്നു. വയ്ക്കാൻ സ്ഥമില്ലാത്തത് മൂലം ഈ കേന്ദ്രത്തിലെ കെട്ടിടങ്ങളുടെ മുകളിൽ വരെ ചാക്കുകെട്ടുകൾ നിറഞ്ഞ് കഴിഞ്ഞു. വർഷങ്ങളായി മാലിന്യങ്ങൾ തരം തിരിക്കാതെ കുന്നുകൂടുകയും ഇടയ്ക്കിടെ അതിന് മുകളിൽ മണ്ണിട്ട് മൂടുകയും ചെയ്തതിനാൽ ഒരു മാലിന്യക്കിടക്കയായി ഈ സ്ഥലം മാറിയിരുന്നു. പഞ്ചായത്ത് ഒരു കോടി ചെലവിട്ട് ഈ മാലിന്യങ്ങൾ മുഴുവൻ നീക്കുന്ന ബയോ മൈനിങ് പദ്ധതി നടപ്പാക്കി വരികയാണ്.
പ്ലാസ്റ്റിക് നിറഞ്ഞ മണ്ണ് യന്ത്രസഹായത്തോടെ ഇളക്കി പ്ലാസ്റ്റിക്കും മണ്ണും വേർതിരിക്കുന്ന പ്രക്രിയയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പ്ലാസ്റ്റിക് തരം തിരിച്ച് കഴിഞ്ഞാൽ ജൈവ വളമായി വിൽപന നടത്താൻ കഴിയും. ഇപ്പോൾ ശേഖരിച്ച് എത്തിക്കുന്ന മാലിന്യങ്ങൾ കല്ലാറിൽ തരം തിരിച്ച് ജൈവ മാലിന്യങ്ങൾ കംപോസ്റ്റ് വളമാക്കി മാറ്റുന്നു. ഇവ തരം തിരിക്കുന്നതിന് ഇവിടെ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ തരം തിരിച്ചെടുക്കുന്ന അജൈവ മാലിന്യങ്ങൾ എവിടെ സൂക്ഷിക്കും എന്ന പ്രതിസന്ധി നിലനിൽക്കുന്നു.