ഇ-കൊമേഴ്സ് ആപ്പുകളിൽ ഇന്ത്യക്കാര്‍ ചിലവിട്ടത് 8700 കോടി മണിക്കൂറുകള്‍
കഴിഞ്ഞ വർഷം ഇന്ത്യക്കാർ ഇ-കൊമേഴ്സ് ആപ്പുകളിൽ ചിലവഴിച്ചത് 8700 കോടി മണിക്കൂറുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് ചിലവഴിച്ച മണിക്കൂറുകളിൽ 16 ശതമാനം വർധനയുണ്ടായി. 2021 ൽ രാജ്യം 7500 കോടി മണിക്കൂറുകളായിരുന്നു ഇ-കൊമേഴ്സ് വെബ് സൈറ്റുകളിൽ ചിലവഴിച്ചത്. ഡാറ്റ.എഐ ആണ് ഈ വിവരം പുറത്തുവിട്ടത്.
കോവിഡിന് ശേഷം രാജ്യത്ത് ഇ-കൊമേഴ്സ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നു. ആഗോളതലത്തിൽ, ഉപയോക്താക്കൾ 2022 ൽ അത്തരം അപ്ലിക്കേഷനുകളിൽ 110 ശതകോടി മണിക്കൂറാണ് ചിലവഴിച്ചത്. ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വർഷം 28 ശതകോടി ഡൗൺലോഡുകൾ ആണ് ഈ ആപ്ലിക്കേഷനുകൾക്ക് ലഭിച്ചത്. ഇതിൽ 5 ശതമാനം ഡൗൺലോഡുകൾ ഇന്ത്യയിൽ നിന്നാണ്. ചൈനയാണ് ഇക്കാര്യത്തിൽ ഒന്നാമത്.
ആപ്ലിക്കേഷനുകളുടെ ശരാശരി ഉപഭോഗത്തിൽ ഇന്ത്യ എട്ടാം സ്ഥാനത്താണ്. ഇന്ത്യക്കാർ അവരുടെ അപ്ലിക്കേഷനുകളിൽ ശരാശരി 4.9 മണിക്കൂർ ചിലവഴിക്കുന്നു. ലോകത്ത് ഏറ്റവുമധികം ഡൗൺലോഡ് ചെയ്ത സാമ്പത്തിക ആപ്ലിക്കേഷനാണ് ഫോൺപേ. പേടിഎമ്മും ഗൂഗിൾ പേയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബജാജ് ഫിൻസെർവ് (6), എസ്ബിഐ യോനോ (9) എന്നിവയും ആദ്യ പത്തിൽ ഇടം നേടി.