വ്യാജ ആരോപണം. പരാതി നൽകി ബിജെപി ദേശീയ സമിതി അംഗം ശ്രീ നഗരി രാജൻ
മുഖ്യധാരാ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വ്യാജ പ്രസ്താവനകൾ നടത്തി തന്നെയും ബിജെപിയെയും സഹപ്രവർത്തകരെയും അപകീർത്തിപ്പെടുത്താനും അപമാനിക്കാനും ശ്രമിച്ച വ്യക്തിക്കെതിരെ കട്ടപ്പന ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അഡ്വ.ജിബി സെബാസ്റ്റിയൻ മുഖേന കേസ് ഫയൽ ചെയ്‌തെന്ന് ബിജെപി ദേശീയ സമിതി അംഗം ശ്രീനഗരി രാജൻ പറഞ്ഞു.
ഐപിസി 500-ാം വകുപ്പ് പ്രകാരം നടപടികൾ സ്വീകരിക്കാൻ ക്രിമിനൽ കേസായാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഈ വിഷയത്തിൽ മാപ്പു പറഞ്ഞ് അപകീർത്തികരമായ പ്രസ്താവന പിൻവലിക്കാൻ തയാറായില്ലെങ്കിൽ ശാന്തൻപാറ എസ്‌റ്റേറ്റ് പൂപ്പാറ സ്വദേശി രഘുനാഥ് ചന്ദ്രൻപിള്ള എന്ന കെ.സി.രഘുനാഥിൽ നിന്ന് 25 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കിക്കിട്ടാൻ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും മറുപടി ലഭിക്കുന്ന മുറയ്ക്ക് സിവിൽ കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതടക്കമുള്ള ആരോപണങ്ങളെ തുടർന്ന് പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും വർഷങ്ങൾക്കു മുൻപ് ഒഴിവാക്കിയിട്ടുള്ള വ്യക്തിയാണ് രഘുനാഥ്. അയ്യപ്പൻകോവിൽ കന്നിക്കല്ല് സ്വദേശികളായ 11 പേരിൽ നിന്ന് സ്‌പൈസസ് ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ രഘുനാഥിനെ ഉപ്പുതറ പൊലീസ് അറസ്റ്റു ചെയ്ത് റിമാൻഡു ചെയ്തിരുന്നു.
അതിനുശേഷം ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തു വരുകയായിരുന്നു. ഇയാൾ തട്ടിയെടുത്ത പണം തനിക്ക് കൈമാറിയെന്നാണ് പ്രചരിപ്പിക്കുന്നത്.
പൊലീസിനു നൽകിയ മൊഴിയിലോ മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കിയപ്പോഴോ പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ ഉന്നയിക്കുന്നത്.
ഇതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്.
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് 39 പേരിൽ നിന്ന് 6 ലക്ഷം രൂപ വീതം തട്ടിയതിന്റെയും കട്ടപ്പനയിൽ ഗ്യാസ് ഏജൻസി തരപ്പെടുത്തി നൽകാമെന്നു പറഞ്ഞും തട്ടിപ്പ് നടത്തിയതിന്റെ പേരിൽ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കിയ വ്യക്തിയാണ് രഘുനാഥിനെ ജയിലിൽ നിന്ന് പുറത്തിറക്കാൻ സഹായിച്ചത്.
തട്ടിപ്പിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും ചിലർക്ക് പണം മടക്കി നൽകേണ്ടി വരുകയും ചെയ്തത് തന്റെ ഇടപെടൽ മൂലമാണെന്ന് അറിയാവുന്നതിനാൽ ഇവർക്ക് ശത്രുതയും പകയും ഉണ്ട്.
പകരം വീട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ഗൂഢാലോചന നടത്തി തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഇത്തരക്കാർക്കെതിരെ ശബ്ദിച്ചാൽ അപമാനിച്ചും അപകീർത്തിപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും കൈകാര്യം ചെയ്യാമെന്നാണ് ഇവരുടെ വിചാരം. അതിനാൽ ഫേസ്ബുക്കിൽ വ്യാജ ഐഡി ഉണ്ടാക്കി കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ്.
തനിക്കെതിരെ പരാതിയോ തെളിവോ ഉണ്ടെങ്കിൽ പാർട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കോ ആർഎസ്എസ് നേതൃത്വത്തിനോ അല്ലെങ്കിൽ നിയമ സംവിധാനത്തിലോ പരാതി നൽകാൻ തയാറാകാൻ ഇക്കൂട്ടർക്ക് ധൈര്യമുണ്ടോയെന്നും ശ്രീനഗരി രാജൻ ചോദിച്ചു.