ലൈംഗികാതിക്രമങ്ങൾ തടയാൻ സ്കൂൾ തലം മുതൽ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ലൈംഗികാതിക്രമങ്ങൾ തടയാൻ സ്കൂൾ തലം മുതൽ നടപടികൾ ആവശ്യമാണെന്ന് ഹൈക്കോടതി. മാന്യമായ പെരുമാറ്റം എന്താണെന്നതടക്കം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മൂല്യവർദ്ധിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം. ഉന്നത, പൊതുവിദ്യാഭ്യാസ വകുപ്പുകളും വിവിധ ബോർഡുകളും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണം. ലൈംഗിക അതിക്രമങ്ങൾക്കെതിരായ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് യുജിസിയും ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
സ്കൂളുകളിലും കോളേജുകളിലും ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമൂലമായ പരിഷ്കാരം കൊണ്ടുവരാനുള്ള ഹൈക്കോടതിയുടെ ഉത്തരവ്. ലൈംഗികാതിക്രമങ്ങൾ തടയുന്നതിന്‍റെ ഭാഗമായി പ്രാഥമിക വിദ്യാഭ്യാസ തലത്തിൽ തന്നെ മാന്യമായ പെരുമാറ്റത്തെക്കുറിച്ചുള്ള പാഠങ്ങൾ ഉൾപ്പെടുത്തി മൂല്യവർദ്ധിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം തൊഴിലവസരങ്ങൾക്കും അക്കാദമിക് മികവിനും മാത്രമാണ് പ്രാധാന്യം നൽകുന്നതെന്നും അത്തരം സമ്പ്രദായങ്ങൾ മാറേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
ലിംഗ വിവേചനം തെറ്റാണ്. യഥാർത്ഥ പുരുഷൻ ഒരിക്കലും ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തുന്ന ആളല്ല. ദുർബലരായ പുരുഷൻമാരാണ് സ്ത്രീകളെ ആക്രമിക്കാൻ ശ്രമിക്കുന്നത്. മാതാപിതാക്കളും അധ്യാപകരും മറ്റൊരാളെ ബഹുമാനിക്കാൻ കുട്ടികളെ പഠിപ്പിക്കണം. ഉന്നത വിദ്യാഭ്യാസ വകുപ്പുകളും വിവിധ ബോർഡുകളും പാഠ്യപദ്ധതിയിൽ മാറ്റം വരുത്താൻ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. കോളേജുകളിൽ ലൈംഗിക അതിക്രമം തടയാൻ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് യുജിസി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. നടപടി സ്വീകരിക്കാമെന്ന് യുജിസി വ്യക്തമാക്കിയിട്ടുണ്ട്. എഞ്ചിനിയറിങ് വിദ്യാർത്ഥി നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ ഇടപെടൽ.