അനുമതി നിഷേധിച്ച് മന്ത്രി; ക്ഷേത്രത്തിന് പുറത്ത് നൃത്തം ചെയ്യാനൊരുങ്ങി മല്ലിക സാരാഭായ്
ഹൈദരാബാദ്: തെലങ്കാനയിലെ രാമപ്പ ക്ഷേത്രത്തിൽ നൃത്തപരിപാടി അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രശസ്ത നർത്തകിയും സാമൂഹിക പ്രവർത്തകയും കേരള കലാമണ്ഡലം ചാൻസലറുമായ മല്ലിക സാരാഭായി ക്ഷേത്രത്തിന് പുറത്ത് നൃത്തം ചെയ്യാൻ ഒരുങ്ങുന്നു. കേന്ദ്ര ടൂറിസം സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി ക്ഷേത്രത്തിനുള്ളിൽ നൃത്ത പരിപാടിക്ക് വാക്കാൽ അനുമതി നിഷേധിച്ചതായി ക്ഷേത്ര അധികൃതർ അറിയിച്ചതിനെ തുടർന്നാണ് സാരഭായിയുടെ തീരുമാനം.
യുനെസ്കോയുടെ അംഗീകാരം ലഭിച്ച് ഒരു വർഷം തികയുന്നതിന്‍റെ ഭാഗമായി ആദ്യത്തെ രാമപ്പ ഫെസ്റ്റ് നടത്താൻ ക്ഷേത്രത്തിന്‍റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന കാകതിയ ഹെറിറ്റേജ് ട്രസ്റ്റ് നേരത്തെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) അനുമതി തേടിയിരുന്നു. മല്ലിക സാരാഭായിയെ നൃത്തം അവതരിപ്പിക്കാൻ ക്ഷണിച്ചതായും അവർ നൃത്തം ചെയ്യാൻ സമ്മതിച്ചതായും ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. എന്നാൽ എ.എസ്.ഐയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെന്നും മല്ലിക സാരാഭായിയാണെങ്കിൽ പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് മന്ത്രി കിഷൻ റെഡ്ഡി അറിയിച്ചതായും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും ക്ഷേത്ര ട്രസ്റ്റിയുമായ ബി.വി. പാപ റാവു വ്യക്തമാക്കി.
സംഭവം വിവാദമായതോടെ താനും സംഘവും ക്ഷേത്രത്തിന് പുറത്ത് പരിപാടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് മല്ലിക സാരാഭായി പറഞ്ഞു. എന്നാൽ പരിപാടി റദ്ദാക്കിയെന്നും തുടർന്നുള്ള സംഭവങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്നും ക്ഷേത്ര ട്രസ്റ്റി പാപ റാവു പറഞ്ഞു.