കാര് യാത്രയ്ക്കിടെ സീറ്റ് ബെല്റ്റ് ധരിക്കാതെ ഋഷി സുനക്; ബ്രിട്ടനിൽ വ്യാപക പ്രതിഷേധം
ബ്രിട്ടൻ: ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ സഞ്ചരിക്കുന്ന വീഡിയോ ബ്രിട്ടനിൽ വൈറൽ. സംഭവത്തെ’വിധിയിലെ പിഴവ്’ എന്ന് പറഞ്ഞ ഋഷി സുനക് ക്ഷമാപണം നടത്തി. ബ്രിട്ടനിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്താൽ 500 പൗണ്ട് പിഴ ഈടാക്കും. സംഭവം തെറ്റാണെന്ന് പൂർണ്ണമായും അംഗീകരിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.
എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് പ്രധാനമന്ത്രി വിശ്വസിക്കുന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു. വടക്കൻ ഇംഗ്ലണ്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. ആ സമയത്ത് പ്രധാനമന്ത്രി ലക്ഷാഷെയറിൽ ഉണ്ടായിരുന്നതിനു തെളിവുകളുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. സർക്കാരിൻ്റെ ഏറ്റവും പുതിയ റൗണ്ട് ലെവലിങ് അപ് ചെലവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വീഡിയോ നേരത്തെ സുനക്കിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ടിരുന്നു.
ഏകദേശം ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, കാർ മുന്നോട്ട് നീങ്ങുമ്പോൾ സുനക് ക്യാമറയെ അഭിസംബോധന ചെയ്യുന്നത് കാണാം. ഈ സമയം വീഡിയോയിൽ, പോലീസ് മോട്ടോർ ബൈക്കുകൾ കാറിന് സമാന്തരമായി അകമ്പടി സേവിക്കുന്നത് കാണാം. ബ്രിട്ടനിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുമ്പോൾ പോലീസ് പിടിച്ചാൽ 100 പൗണ്ട് പിഴ ഈടാക്കും. അല്ല കേസിനായി കോടതിയിൽ പോയാൽ, 500 പൗണ്ട് വരെ പിഴ ലഭിക്കാം. സംഭവത്തിൽ ബ്രിട്ടനിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സീറ്റ് ബെൽറ്റ്, ഡെബിറ്റ് കാർഡ്, ട്രെയിൻ സർവീസ്, ഇക്കോണമി, ബ്രിട്ടൻ എന്നിവ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഋഷി സുനക്കിന് അറിയില്ലെന്നാണ് ഒരാൾ പ്രതികരിച്ചത്.