ഒരു താലൂക്ക് ആശുപത്രിക്ക് ആവശ്യമായ സൗകര്യം പോലുമില്ലാതെയാണ് ഇടുക്കി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം
ഇടുക്കി: ഒരു താലൂക്ക് ആശുപത്രിക്ക് ആവശ്യമായ സൗകര്യം പോലുമില്ലാതെയാണ് ഇടുക്കി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം.പ്രതിദിനം ആയിരത്തില്‍ കൂടുതല്‍ രോഗികള്‍ ചികിത്സക്കായെത്തുന്ന ആശുപത്രിയില്‍ കാര്‍ഡിയോളജിയടക്കം ഏഴ് സപെഷ്യാലിറ്റി വിഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ ആരും തന്നെയില്ല. ചികില്‍സ തേടിയെത്തുന്നവരെ 100 കിലോമീറ്റര്‍ അകലെയുള്ള കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞയക്കലാണ് ഡോക്ടര്‍മാരുടെ ഇപ്പോഴത്തെ പ്രധാന ജോലി.
ഇടുക്കി ജില്ലാ ആശുപത്രിയെ 2014ലാണ് മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്നത്. 5 വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ വിഭാഗങ്ങളിലും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം. സ്വകാര്യ ആശുപത്രികളേക്കാള്‍ മികച്ച ആധുനിക സംവിധാനങ്ങളുള്ള ഉപകരണങ്ങള്‍ ഇതൊക്കെയായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. വര്‍ഷം ഒന്‍പതായി. 61 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ഉള്ളത് 27 മാത്രം. കാര്‍ഡിയോളജി, ന്യൂറോളജി, ഓങ്കോളജി, യൂറോളജി, നെഫ്രോളജി, ത്വക് രോഗം എന്നീ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരില്ല.
സാധാരണ എല്ലാ മെഡിക്കള്‍ കോളേജ് ആശുപത്രിയിലുള്ള എമര്‍ജന്‍സി വിഭാഗം പോലും ഇവിടെയില്ല. അത്യാഹിത വിഭാഗത്തിലുള്ളത് 5 ഡോക്ടര്‍മാര്‍ മാത്രമാണ്. അപകടം ഹൃദ്രോഗം തുടങ്ങിയ മൂലം അടിയന്തിര ചികില്‍സക്കായി എത്തുന്നവരെ പോലും 100 കിലോമീറ്റര്‍ അകലെയുള്ള കോട്ടയത്തേക്ക് പറഞ്ഞയക്കുകയാണ് ഇവിടെ ചെയ്യുന്നത്. നേഴ്സുമാരും മറ്റ് പാരാ മെഡിക്കല്‍ ജീവനക്കാരുമില്ലാതെ ഡോക്ടര്‍മാര്‍ മാത്രം എത്തിയാല്‍ എന്തു പ്രയോജനമെന്നാണ് ആശുപത്രി വികസന സമിതിയുടെ ചോദ്യം.