മോദിയേക്കുറിച്ച് ബിബിസി ഡോക്യുമെന്ററി; രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രാലയം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്‍ററിക്കെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രിക്കെതിരായ ഡോക്യുമെന്‍ററി സാമ്രാജ്യത്വ മനോഭാവമാണ് കാണിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. “ഇത് ഒരു പ്രത്യേക അജണ്ടയുടെ ഭാഗമാണ്, ഡോക്യുമെന്‍ററി വസ്തുതാപരമായി തെറ്റും മുൻവിധിയുള്ളതുമാണ്,” വിദേശകാര്യ വക്താവ് ന്യൂഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പറഞ്ഞത് ഇന്ത്യയെ ബാധിക്കുന്ന കാര്യമല്ലെന്നും ഡോക്യുമെന്‍ററി ഇന്ത്യയിൽ പ്രക്ഷേപണം ചെയ്യില്ലെന്നത് ബിബിസിയുടെ തീരുമാനമാണെന്നും ബാഗ്ചി വിശദീകരിച്ചു. “ഡോക്യുമെന്‍ററിയുടെ ഉദ്ദേശ്യത്തെക്കുറിച്ചും അതിന്‍റെ പിന്നിലെ അജണ്ടയെക്കുറിച്ചും ചിന്തിക്കുമ്പോൾ ഞാൻ ആശ്ചര്യപ്പെടുന്നു, അത്തരം കാര്യങ്ങൾ മുഖവിലയ്ക്കെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” വിദേശകാര്യ വക്താവ് പറഞ്ഞു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ ഇത്രയും കാലമായി പരസ്യമാക്കിയിട്ടില്ല. ഈ വിവരമാണ് പുറത്തുവിടുന്നതെന്ന് ബിബിസി അവകാശപ്പെട്ടു.