സമാധാനപരമായ സഹവർത്തിത്വമാണ് ആഗ്രഹിക്കുന്നത്; പാക്കിസ്ഥാനോട് ഇന്ത്യ
ന്യൂഡല്‍ഹി: ഇരുരാജ്യങ്ങളും തമ്മിൽ സമാധാനം സ്ഥാപിക്കാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാനുമായി സമാധാനപരമായ സഹവർത്തിത്വമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാനുമായി സമാധാനപരമായ ബന്ധമാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ ഇതിൽ തീവ്രവാദ രഹിതവും അക്രമരഹിതവുമായ അന്തരീക്ഷമാണ് വേണ്ടത്, ബാഗ്ചി പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണത്തിന് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായുള്ള മൂന്ന് യുദ്ധങ്ങളും തങ്ങൾക്ക് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ് നൽകിയതെന്ന് ഷഹബാസ് ഷരീഫ് നേരത്തെ പറഞ്ഞിരുന്നു. സമാധാനപരമായി മുന്നോട്ട് പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അയൽരാജ്യങ്ങൾ സമാധാനപരമായി പുരോഗതിയിലേക്ക് നീങ്ങണോ അതോ തർക്കിച്ച് സമയവും സമ്പത്തും പാഴാക്കണോ എന്ന് തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.