എട്ടു ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റിനും മഴയ്ക്കുമുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. എട്ട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാദ്ധ്യതയുള്ളത്. ഈ ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുണ്ടെന്നും അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ ലഭിച്ചേക്കും.അപകടകാരികളായ ഇത്തരം ഇടിമിന്നലുകൾ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്നാണ് നിർദേശം. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും പ്രത്യേകം അറിയിക്കുന്നുണ്ട്