26 വർഷമായി തുടരുന്ന സേവനം; ശബരിമല തീർത്ഥാടകർക്കും, സമൂഹത്തിനും തണലായി ഗ്രന്ഥശാല
കുളനട : മറ്റുള്ളവരെ സഹായിക്കുന്നതിൽ കുളനട പുതുവാക്കൽ ഗ്രാമീണ വായനശാല എന്നും മുന്നിലുണ്ട്. ജാതിമത വ്യത്യാസമില്ലാതെ ഏവരിലേക്കും സഹായഹസ്തമെത്തിക്കാൻ അവർ ശ്രദ്ധിക്കുന്നു. 26 വർഷമായി തുടരുന്ന ശബരില തിരുവാഭരണ ഘോഷയാത്രക്കും, തീർത്ഥാടകർക്കും ഭക്ഷണവും, പാനീയങ്ങളും നൽകുന്ന പതിവ് ഈ വർഷവും മുടങ്ങാതെ നടത്തിയതിന്റെ സംതൃപ്തിയിലാണ് അവർ.
ചെറിയ രീതിയിൽ ആരംഭിച്ച പ്രവർത്തനം ഇന്ന് നൂറോളം തീർത്ഥാടകർക്ക് അനുഗ്രഹമാകും വിധം വളർന്ന് കഴിഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വായനശാല അധികൃതർ മുന്നിലുണ്ട്. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത തിരിതെളിച്ച ജീവകാരുണ്യ നിധിയിൽ നിന്നും ഇത് വരെ 12 ലക്ഷം രൂപ അർഹതപ്പെട്ടവർക്ക് നൽകി. സർക്കാർ സൗജന്യ ഭക്ഷ്യകിറ്റ് അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ 10 കുടുംബങ്ങൾക്ക് വീതം 1000 രൂപയുടെ ഭക്ഷ്യകിറ്റ് നൽകാനായതും ശ്രദ്ധേയം.
വായനശാലയിൽ പ്രവർത്തിക്കുന്നവർ തന്നെയാണ് ക്ഷേമപ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്തുന്നത്. തുരുത്തിക്കാട് ബി.എ.എം കോളേജ് സ്ഥാപകൻ റവ. ഡോ ടി.സി ജോർജിന്റെ സ്മരണക്കായി നൽകുന്ന ഗ്രാമീണമേഖലയിൽ മികവ് പുലർത്തുന്ന സ്ഥാപനത്തിനുള്ള അവാർഡും ഈ ഗ്രന്ഥശാലക്കായിരുന്നു.