അഴിമതി ആരോപണം; പിന്നാലെ രാജിവച്ച് വിയറ്റ്നാം പ്രസിഡന്‍റ്
ഹനോയ്: അഴിമതി ആരോപണത്തെ തുടർന്ന് വിയറ്റ്നാം പ്രസിഡന്‍റ് നുയെൻ ഷ്വാൻ ഫുക്ക് രാജിവെച്ചു. കൊവിഡ് കിറ്റ് വിതരണത്തിലെ അഴിമതി ഉൾപ്പെടെ സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കുറ്റാരോപിതരായ രണ്ട് ഉപപ്രധാനമന്ത്രിമാരെ കമ്യൂണിസ്റ്റ് പാർട്ടി പുറത്താക്കിയിരുന്നു.
മന്ത്രിമാരും അവരും നടത്തിയ അഴിമതിക്ക് പ്രസിഡന്‍റ് ഉത്തരവാദിയാണെന്ന് കമ്യൂണിസ്റ്റ് പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജി. ദേശീയ അസംബ്ലി ഇന്ന് യോഗം ചേർന്ന് പ്രസിഡന്‍റിന്‍റെ രാജി അംഗീകരിക്കും. അഴിമതി ആരോപണത്തെ തുടർന്ന് ഇതാദ്യമായാണ് വിയറ്റ്നാമിൽ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി പ്രസിഡന്‍റ് സ്ഥാനമൊഴിയുന്നത്.
കോവിഡ് -19 മഹാമാരിയുടെ സമയത്ത് പ്രതിരോധ നടപടികളിൽ വലിയ തോതിലുള്ള അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് സർക്കാർ നിരവധി ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു. കോവിഡ് പരിശോധനാ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയർന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയ നൂറിലധികം ഉദ്യോഗസ്ഥരെയും ചില ബിസിനസുകാരെയും സർക്കാർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ രണ്ട് ഉപപ്രധാനമന്ത്രിമാരെയും പുറത്താക്കി. ഇതിന്‍റെയെല്ലാം ഉത്തരവാദിത്തം പ്രസിഡൻ്റിനുണ്ടെന്ന വിലയിരുത്തല്‍ പാര്‍ട്ടി നേതൃത്വം സ്വീകരിച്ചതോടെയാണ് രാജിവച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.