ദേശീയ വിര വിമുക്ത ദിനാചരണം സംഘടിപ്പിച്ചു.ജില്ലയില്‍ 2,36,828 കുട്ടികള്‍ക്ക് ഗുളിക നല്‍കി
ദേശീയ വിരവിമുക്ത ദിനത്തോട് അനുബന്ധിച്ച് വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ വിദ്യാര്‍ത്ഥിക്ക് ഗുളിക നല്‍കി നിര്‍വഹിച്ചു. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളുടെ നേതൃത്വത്തിലാണ് വിര നശീകരണത്തിന് സമൂഹചികിത്സ പരിപാടി നടത്തുന്നത്. ആരോഗ്യവും, ബുദ്ധിയും, കാര്യക്ഷമതയുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. 1 മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് വിര നശീകരണത്തിനായുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കിയത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യര്‍ഥികള്‍ക്കും അങ്കണവാടികളിലെയും ഡേ-കെയര്‍ സെന്ററുകളിലെയും കുട്ടികള്‍ക്കാണ് ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കിയത്. ഡോക്ടര്‍മാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അദ്ധ്യാപകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവരാണ് ഗുളിക നല്‍കുന്നത്.
1 മുതല്‍ 5 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അങ്കണവാടിയിലും 6 മുതല്‍ 19 വയസ്സുവരെയുള്ളവര്‍ക്ക് സ്‌കൂളുകളിലുമാണ് ഗുളിക വിതരണം നടത്തിയത്. 1 മുതല്‍ 2 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പകുതി ഗുളിക (200 മി.ഗ്രാം) ഒരു ടേബിള്‍സ്പൂണ്‍ ശുദ്ധജലത്തില്‍ അലിയിച്ച് കൊടുക്കുകയും, 2 മുതല്‍ 3 വയസ്സു വരെയുളള കുട്ടികള്‍ക്ക് ഒരു ഗുളിക (400 മി.ഗ്രാം) ഉച്ചഭക്ഷണത്തിനുശേഷം ഒരു ഗ്ലാസ് ശുദ്ധജലത്തോടൊപ്പം അലിയിച്ച് കൊടുക്കയും, 03 മുതല്‍ 19 വയസ് വരെ യുളള കുട്ടികള്‍ ഒരു ഗുളിക (400 മി.ഗ്രാം) ഉച്ചഭക്ഷണത്തിനുശേഷം ഒരു ഗ്ലാസ് ശുദ്ധജലത്തോടൊപ്പം ചവച്ചരച്ച് കഴിക്കുകയും ചെയ്തു. ജനുവരി 17 ന് ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ സമ്പൂര്‍ണ്ണ വിരവിമുക്ത ദിനമായ ജനുവരി 24 ന് കഴിക്കണം.
213 ഗവണ്‍മെന്റ് സ്‌കൂളുകളും 255 ഗവണ്‍മെന്റ് എയ്ഡഡ് സ്‌കൂളുകളും, 20 സ്റ്റേറ്റ് അണ്‍എയ്ഡഡ് സ്‌കൂളുകളും 46 സി.ബി.എസ്.ഇ സ്‌കൂളുകളും 1494 അങ്കണവാടികളും 166 ഡെ കെയര്‍ സെന്ററുകളും ഉള്‍പ്പെടെയുള്ള 2,36,828 കുട്ടികള്‍ക്ക് ജില്ലയില്‍ വിരനിര്‍മ്മാര്‍ജ്ജന ഗുളിക നല്‍കി.
ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.സുഷമ പി. കെ, ആര്‍.സി.എച്ച് ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ.സിബി ജോര്‍ജ്ജ്, മാസ്സ് മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഇന്‍ചാര്‍ജ് ഗ്രേസ്മി സിസ്റ്റര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍, സ്‌കൂളിലെ വിവിധ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.