പ്രധാന വാര്‍ത്തകള്‍
ടോമിക്കും ജെല്ലിക്കും വിവാഹം; ആഘോഷമാക്കി കുടുംബം, ചിലവാക്കിയത് അര ലക്ഷത്തോളം
ഉത്തർപ്രദേശ്: ദോൽ മേളം, നൃത്തച്ചുവടുകൾ, ഘോഷയാത്ര ഒക്കെയായി ഒരു അത്യപൂർവ്വ വിവാഹത്തിനു സാക്ഷ്യം വഹിച്ച് ഉത്തർപ്രദേശിലെ അലിഗഡ്. വധുവും വരനും മറ്റാരുമല്ല, രണ്ട് നായ്ക്കളാണ്. ടോമിയും അവന്റെ ഏഴ് മാസം പ്രായമുള്ള പ്രിയതമ ജെല്ലിയും.
മകരസംക്രാന്തി ദിനത്തിലാണ് വിവാഹം നടന്നത്. ഇതിനു മുന്നോടിയായി വധുവിന്റെ ആളുകൾ വരന്റെ നാട്ടിലെത്തി ടോമിക്ക് തിലകക്കുറി ചാർത്തി. പിന്നീട് ടോമിയുടെ ആളുകളുടെ വക ധോൽ മേളത്തോടെ നൃത്തം. ഇതിനുശേഷം ശ്വാന ദമ്പതികളുടെ കഴുത്തിൽ മാല അണിയിച്ചു. വിവാഹത്തിനു ശേഷം വിഭവസമൃദ്ധമായ ഭക്ഷണവുമുണ്ടായിരുന്നു. അരലക്ഷം രൂപയാണ് വിവാഹത്തിനായി ചെലവഴിച്ചത്.
സുഖ്രാവാലിയിലെ മുൻ ഗ്രാമത്തലവനായ ദിനേശ് ചൗധരിയുടെ വളർത്തുനായയാണ് ടോമി. അത്രൗലിയിലെ തിക്രി റായ്പൂർ നിവാസിയായ ഡോ.രാംപ്രകാശ് സിങ്ങിന്റെ വീട്ടിൽ നിന്നാണ് വധു.