ശസ്ത്രക്രിയ വിജയകരം; ട്വീറ്റുമായി ക്രിക്കറ്റ് താരം റിഷഭ് പന്ത്
ന്യൂഡല്‍ഹി: വാഹനാപകടത്തിനു ശേഷം ആദ്യ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത്. തന്‍റെ ശസ്ത്രക്രിയ വിജയകരമാണെന്നും പരിക്കുകൾ ഭേദമാകുന്നതിനും വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാൻ തയാറെടുക്കുകയാണെന്നും പന്ത് ട്വീറ്റ് ചെയ്തു. അപകടത്തിനു ശേഷം തനിക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും ആശംസകൾക്കും താരം നന്ദി അറിയിക്കുകയും ചെയ്തു.
ഡൽഹി-ഡെറാഡൂൺ ദേശീയപാതയിലെ മംഗളൗരിയിൽ ഡിസംബർ 30ന് പുലർച്ചെയായിരുന്നു പന്തിൻ്റെ കാർ അപകടത്തിൽ പെട്ടത് . അമിത വേഗത്തിൽ വന്ന കാർ ഡിവൈഡറിൽ ഇടിച്ചു കത്തുകയിരുന്നു. ഹരിയാന റോഡ്‌വെയ്‌സ് ബസ് ഡ്രൈവർ സുശീൽ മാൻ, കണ്ടക്ടർ പരംജീത് എന്നിവർ ചേർന്നാണ് കാറിനുള്ളിൽ നിന്ന് പന്തിനെ രക്ഷപ്പെടുത്തിയത്. അപകടത്തിൽ പന്ത് ഓടിച്ചിരുന്ന മെഴ്സിഡസ് ബെൻസ് കാർ പൂർണമായും കത്തിനശിച്ചു.
പരിക്കിനെ തുടർന്ന് ചികിത്സയിലായിരുന്ന പന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ ഒന്നര വർഷം വരെ സമയമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. പരിക്കിന്‍റെ ഗൗരവം കണക്കിലെടുത്ത് അദ്ദേഹം പൂർണ്ണമായും സുഖം പ്രാപിക്കാൻ കൂടുതൽ സമയമെടുക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അതിനാൽ, ചികിത്സയ്ക്ക് ശേഷം മാസങ്ങളോളം അദ്ദേഹത്തിന് വിശ്രമം ആവശ്യമായി വന്നേക്കാം. ഇതോടെ പ്രധാന ടൂർണമെന്‍റുകൾ ഉൾപ്പെടെ പന്തിന് കൂടുതൽ മത്സരങ്ങൾ നഷ്ടമായേക്കും.