തൂക്കുപാലം പബ്ലിക് മാര്‍ക്കറ്റിന്റെ നിര്‍മ്മാണം, പ്രാരംഭ ഘട്ടത്തില്‍ നിലച്ചു
തൂക്കുപാലം പബ്ലിക് മാര്‍ക്കറ്റിന്റെ നിര്‍മ്മാണം, പ്രാരംഭ ഘട്ടത്തില്‍ നിലച്ചു. ആധുനിക സൗകര്യങ്ങളോടെ, പുനര്‍ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനത്തോടെ, മുന്‍പുണ്ടായിരുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുകയായിരുന്നു. ഇതോടെ ഹൈറേഞ്ചിലെ പ്രധാന മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനമാണ് ഇല്ലാതായത്.മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, തൂക്കുപാലം മാര്‍ക്കറ്റിലെ ശോചനീയാവസ്ഥയിലുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയത്. തുടര്‍ന്ന് പുതിയ മാര്‍ക്കറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. ഏഴ് കോടി രൂപ മുതല്‍ മുടക്കി നാല് നിലകളിലായി, സമുച്ചയം നിര്‍മ്മിക്കാനായിരുന്നു പദ്ധതി. മത്സ്യ മാംസ പച്ചക്കറി സ്റ്റാളുകള്‍ക്കായി പ്രത്യേക സൗകര്യങ്ങളോടെ നിര്‍മ്മാണം പൂര്‍ത്തീകരിയ്ക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഒരു വര്‍ഷത്തിലധികമായി നിര്‍മ്മാണം പൂര്‍ണ്ണമായും നിലച്ചിരിയ്ക്കുകയാണ്.ഹൈറേഞ്ചിന്റെ കുടിയേറ്റ കാലം മുതല്‍ സജീവമായിരുന്ന മാര്‍ക്കറ്റാണ് തൂക്കുപാലം. തമിഴ്‌നാട്ടില്‍ നിന്നും എത്തിയ്ക്കുന്ന പച്ചക്കറിയ്ക്കും പലചരക്ക് സാധനങ്ങള്‍ക്കുമൊപ്പം ഹൈറേഞ്ചിലെ കര്‍ഷകരുടെ ഉത്പന്നങ്ങളും ആടുമാടുകളേയും ഇവിടെ വിപണനത്തിന് എത്തിച്ചിരുന്നു. നിലവില്‍ ടൗണിന്റെ വിവിധ ഭാഗങ്ങളിലായാണ്, വ്യാപാരികള്‍ വിപണം നടത്തുന്നത്. പ്രധാന മാര്‍ക്കറ്റ് ഇല്ലാതായതോടെ, വിലകുറവില്‍ അവശ്യ സാധനങ്ങള്‍ ലഭിച്ചിരുന്ന തൂക്കുപാലം മാര്‍ക്കറ്റിലേയ്ക്ക് ആളുകള്‍ എത്തുന്നതും കുറഞ്ഞു.