തരൂർ വിവാദം; പരസ്യ പ്രസ്താവനകൾക്ക് വിലക്ക്, സ്ഥിതിഗതികൾ നിരീക്ഷിക്കാൻ താരിഖ് അൻവർ
ന്യൂഡല്‍ഹി: തരൂർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പരസ്യ പ്രസ്താവനകൾ വിലക്കി എ.ഐ.സി.സി. തരൂരോ മറ്റ് നേതാക്കളോ പരസ്പരം വിമർശനം ഉന്നയിക്കരുതെന്നാണ് എഐസിസി നേതൃത്വത്തിന്റെ നിർദേശം. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ താരിഖ് അൻവറിന് എ.ഐ.സി.സി നിർദ്ദേശവും നൽകി. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും പരസ്പരം ചർച്ച നടത്തി മുന്നോട്ട് പോകണമെന്നും എ.ഐ.സി.സി നിർദ്ദേശിച്ചു.
മുഖ്യമന്ത്രിയാകാൻ ആഗ്രഹം പ്രകടിപ്പിച്ച തരൂരിന് ചെന്നിത്തല മറുപടിയുമായി എത്തിയതോടെയാണ് കോൺഗ്രസിൽ പുതിയ വിവാദത്തിന് തുടക്കമായത്. തരൂരിന്റെ മുഖ്യമന്ത്രി മോഹത്തോട് പ്രതികരിച്ച ചെന്നിത്തല നാല് വർഷത്തിന് ശേഷം എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കാനുമാണ് പറഞ്ഞത്.
എന്നാൽ മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വച്ചിട്ടില്ലെന്ന് തരൂർ തിരിച്ചടിച്ചു. ആരെന്ത് പറഞ്ഞാലും കുഴപ്പമില്ല. കൂടുതൽ ക്ഷണക്കത്തുകൾ കേരളത്തിൽ നിന്ന് എത്തുന്നുണ്ട്. നാട്ടുകാർക്ക് തന്നെ കാണാൻ ആഗ്രഹമുണ്ടെന്നും താൻ പരിപാടികളിൽ പങ്കെടുക്കുമെന്നും തരൂർ പറഞ്ഞു.