ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വില വർദ്ധിക്കും; മുന്നറിയിപ്പുമായി ഗൂഗിൾ രംഗത്ത്
ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഫോണുകളാണ് ആൻഡ്രോയിഡ് ഫോണുകൾ. ഇതിന്‍റെ പ്രധാന കാരണം അവയുടെ വിലയാണ്. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ഇറങ്ങുന്നുണ്ട്. എന്നാൽ വൈകാതെ ഈ നിലയിൽ മാറ്റം വരുമെന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകി.
കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ ഉത്തരവ് രാജ്യത്ത് ആൻഡ്രോയിഡ് ഫോണുകളുടെ വില വർദ്ധനവിന് കാരണമാകുമെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നുമാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ വർഷം രണ്ട് വ്യത്യസ്ത ഉത്തരവുകളിലായി കോമ്പറ്റീഷന്‍ കമ്മീഷൻ ഗൂഗിളിന് 2,273 കോടി രൂപ പിഴ ചുമത്തിയിരുന്നു.
ആൻഡ്രോയിഡ് മൊബൈൽ പ്ലാറ്റ്ഫോമിലെ ആധിപത്യം ദുരുപയോഗം ചെയ്തതിന് കമ്പനിക്ക് 1,337 കോടി രൂപയും പ്ലേ സ്റ്റോർ വഴി തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്യാൻ ശ്രമിച്ചുവെന്നാരോപിച്ച് 936 കോടി രൂപയും പിഴ ചുമത്തി. സ്മാർട്ട്ഫോൺ നിർമ്മാതാക്കളുമായി ഗൂഗിൾ ഏകപക്ഷീയമായ കരാറിൽ ഏർപ്പെടുകയും ആപ്ലിക്കേഷനുകൾക്ക് ആൻഡ്രോയിഡ് ആധിപത്യം നൽകാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ആരോപിച്ചു.