ആരാധകരുടെ അമിതാവേശം; ബാലയ്യ ചിത്രത്തിൻ്റെ പ്രദർശനത്തിനിടെ തിയേറ്ററിൽ തീപിടിത്തം


നന്ദമുറി ബാലകൃഷ്ണ തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള നടനാണ്. ബാലകൃഷ്ണയുടെ ഓരോ സിനിമയും വളരെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ‘വീര സിംഹ റെഡ്ഡി’ ആണ് ബാലയ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പൊങ്കൽ ദിനത്തിൽ എത്തിയ ചിത്രത്തെ വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ആഘോഷം പ്രദർശനം സ്തംഭിപ്പിക്കുന്ന അവസ്ഥ വരെ എത്തിയെന്ന വാർത്തയാണ് പുറത്തുവരുന്നത്.
വിശാഖപട്ടണത്തിനടുത്തുള്ള സബ്ബാവാരം എന്ന സ്ഥലത്തെ തിയേറ്ററിലാണ് സംഭവം. ‘വീര സിംഹ റെഡ്ഡി’യുടെ പ്രദർശനത്തിനിടെ തിയറ്റർ സ്ക്രീനിൽ തീ പടരുകയായിരുന്നു. ആരാധകരുടെ അമിത ആവേശത്തോടെയുള്ള പ്രകടനത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഈ സമയത്ത് തിയേറ്ററിലുണ്ടായിരുന്നവരെ വേഗത്തിൽ ഒഴിപ്പിച്ചു. സംഭവത്തിന്‍റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഗോപീചന്ദ് മലിനേനിയാണ് വീര സിംഹ റെഡ്ഡി സംവിധാനം ചെയ്തത്. ശ്രുതി ഹാസൻ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ ഹണി റോസും ലാലും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. വരലക്ഷ്മി ശരത്കുമാർ, ദുനിയ വിജയ്, പി രവിശങ്കർ, ചന്ദ്രിക രവി, അജയ് ഘോഷ്, മുരളി ശർമ്മ എന്നിവരും ചിത്രത്തിലുണ്ട്.