ഭൂമി പതിവ് നിയമത്തിലെ ഭേദഗതിയുമായി ബന്ധപ്പെട്ട് ജില്ലയിൽ ബഹുമുഖ മുന്നേറ്റം സൃഷ്ടിക്കുമെന്ന് മുൻ എം.പി അഡ്വ.ജോയ്സ് ജോർജ്


1960 ലെ ഭൂമി പതിവ് നിയമവും 1964 ലെ ഭൂമി പതിവ് ചട്ടവും ഭേദഗതി ചെയ്യാനുള സർക്കാർ തീരുമാനം ഇടുക്കി ജില്ലയുടെ സമസ്ത മേഖലയിലും മുന്നറ്റം സൃഷ്ടിക്കുമെന്ന് മുൻ എംപി അഡ്വ.ജോയ്സ് ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിശദമായ നിയമ പരിശോധനകൾക്കും ചർച്ചകൾക്കും ശേഷമാണ് പുതിയനിയമം. നിയമസഭയിൽ വിശാലമായ ചർച്ചക്ക് അവസരം നൽകുക കൂടി ചെയ്യുന്നത് ജാനാധിപത്യത്തിന് കൂടുതൽ കരുത്തു പകരുന്നതാണ്. സുപ്രീംകോടതി വിധിയിലൂടെ വന്നുചേർന്ന ബഫർസോൺ വിഷയത്തിലും അനുകൂല വിധി ലഭിക്കുന്നതിനാവശ്യമായ എല്ലാ പ്രവർത്തനങ്ങളും സർക്കാർ പൂർത്തിയാക്കി. നിയമപ്രശ്നം എന്ന നിലയിൽ ബഫർസോൺ വിഷയത്തെ കാണണമെന്നായിരുന്നു തുടക്കം മുതലുളള തന്റെ നിലപാട്. വൈകിയെങ്കിലും ചില കർഷക സംഘടനകൾ യാഥാർത്ഥ്യമുൾകൊണ്ടത് സ്വാഗതാർഹമാണ്. ഇടുക്കിയുടെ പച്ചപ്പിൽ കണ്ണുവച്ചുളള പരിസ്ഥിതി രാഷ്ട്രീയ ലോബികൾ ഇപ്പോഴും സജീവമാണ് എന്നതിനാൽ ഭൂമി പരിസ്ഥിതി വിഷയങ്ങളിൽ നമ്മൾ കൂടുതൽ ജാഗ്രത പുലർത്തണം എന്നും ജോയിസ് ജോർജ് പറഞ്ഞു.സങ്കീർണ്ണമായ നിയമ സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്ന ജില്ല എന്ന നിലയിൽ ജനങ്ങളെയും നിയമ സംവിധാനത്തേയും സർക്കാരിനെയും കൂട്ടി യോജിപ്പിക്കുന്ന ഒരു കണ്ണിയായി വേണം പാർലമെന്റംഗം പ്രവർത്തിക്കാൻ .
ഈ ഉത്തരവാദിത്വം തന്റെ കാലയളവിൽ കൃത്യമായി നിർവ്വഹിച്ചിട്ടുണ്ട്. ഗാഡ്ഗിൽ കസ്തൂരി രംഗൻ കമീഷനുകളുടെ ഭീതിയകറ്റാൻ പാർലമെന്റിനകത്തും പുറത്തും നിരന്തരം പോരാടിയിട്ടുണ്ട്.ഇടുക്കിയിലെ 47 വില്ലേജുകൾ ഇഎസ്എ ആയി പ്രഖ്യാപിച്ച് 2013 നവംബർ 13 ലെ ഉത്തരവിലൂടെ നിയന്ത്രണവും നിർമ്മാണ നിരോധനവും യുപിഎ സർക്കാർ കൊണ്ടുവന്നതാണ്. പാർലമെന്റിനകത്തും വനം പരിസ്ഥിതി മന്ത്രാലയത്തിലും നടത്തിയ ഇടപെടലിലൂടെ 2018 ഡിസംബർ 3 ന് നിരോധന ഉത്തരവിൽ ഭേദഗതി കൊണ്ടുവന്ന് പുതിയ ഉത്തരവിറക്കുന്നതിനും അതിലൂടെ ഇടുക്കി മെഡിക്കൽ കോളേജിനുൾപ്പെടെ പാരിസ്ഥിതിക അനുമതി ലഭ്യമാക്കുന്നതിനും സാധിച്ചിട്ടുണ്ട് എന്നും ജോയിസ് ജോർജ് പറഞ്ഞു.വനത്തിൽ മാത്രം ഇഎസ്എ നിജപ്പെടുത്തി കൃഷി, തോട്ടം, ജനവാസ മേഖലകളെ പൂർണ്ണമായി ഒഴിവാക്കി റിപ്പോർട്ട് നൽകുന്നതിന് സംസ്ഥാന സർക്കാരുമായി ചേർന്നു പ്രവർത്തിക്കുന്നതിനും സാധിച്ചു.
വനത്തിൽ മാത്രം ഇഎസ്എ നിജപ്പെടുത്തിയതിലൂടെ 9992.7 ചതുരശ്ര അടിയിൽ നിന്ന് ഇഎസ്എയുടെ അളവ് 8656 ചതുരശ്ര മീറ്ററാക്കി കുറക്കാനും സാധിച്ചു.എൽഡിഎഫ് സർക്കാർ നൽകിയ ഈ റിപ്പോർട്ട് അംഗീകരിച്ച് മാർച്ചിൽ അന്തിമ വിജ്ഞാപനം വരുമെന്നാണ് പ്രതിക്ഷിക്കുന്നത്.ഇടുക്കിയിലെ 25000 ഏക്കർ കൃഷി സ്ഥലം വനഭൂമിയാക്കാൻ കൊണ്ടുവന്ന എച്ച്ആർഎംഎൽ പദ്ധതി, പൂപ്പാറ മുതൽ കുമളി വരെ നിർദേശിക്കപ്പെട്ട വന്യജീവി ഇടനാഴി ഇവയെല്ലാം നിർത്തലാക്കുന്നതിനോ ഉപേക്ഷിക്കുന്നതിനോ സാധിച്ചിട്ടുണ്ട്. പിഎച്ച് ആർ മേഖയിലെ 22 വില്ലേജുകൾ വനമാണെന്ന് കാണിച്ച് വനംവകുപ്പ് തയ്യാറാക്കിയ ഭൂപടം വച്ചു ചെയ്യിപ്പിച്ചതും ജനങ്ങളുടെ ഓർമയിലുണ്ട്. താൻ പാർലമെന്റ് അംഗമായിരിക്കെ പരിസ്ഥിതിയുടെ പേരിലുളള ഒരുനീക്കത്തിനും അംഗീകരിക്കാതെ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്. ദേശീയപാത വികസനത്തിലും പിഎംജിഎസ് വൈ റോഡ് നിർമ്മാണത്തിലും വനം വകുപ്പിന്റെ എതിർപ്പിനെ മുന്നിൽ കീഴടങ്ങാതെ മലയോരജനതയുടെ അഭിമാനം കാത്തിസൂക്ഷിച്ചാണ് മുന്നോട്ട് പോയതെന്നും ജോയ്സ് ജോർജ് പറഞ്ഞു