വഴിയിൽ കിടന്ന് കിട്ടിയ മദ്യം കഴിച്ച സംഭവം; ചികിത്സയിലിരുന്ന ഒരാൾ മരിച്ചു
അടിമാലി: വഴിയിൽ കിടന്ന് കിട്ടിയ മദ്യം കഴിച്ച് അവശനിലയിലായ മൂന്ന് പേരിൽ ഒരാൾ മരിച്ചു. അടിമാലി പടയാട്ടിൽ കുഞ്ഞുമോനാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ജനുവരി എട്ടിന് രാവിലെ അടിമാലി അഫ്സരക്കുന്നിൽ നിന്ന് കിട്ടിയ മദ്യമാണ് അനിൽകുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവർ കഴിച്ചത്.
മദ്യം കഴിച്ചതിനെ തുടർന്ന് ഛർദ്ദിക്കുകയായിരുന്നുവെന്ന് മൂവരും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മൂന്ന് പേരും അടിമാലി അഫ്സര കുന്ന് സ്വദേശികളാണ്. അവശനിലയിലായ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അനിൽകുമാറും മനോജും പിന്നീട് അപകടനില തരണം ചെയ്തെങ്കിലും കുഞ്ഞുമോൻ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്നു.
ഭക്ഷ്യവിഷബാധയല്ലെന്ന് ഇവരെ ചികിത്സിച്ച ഡോക്ടർമാർ പൊലീസിനോട് പറഞ്ഞിരുന്നു. അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. മദ്യപിച്ചവരുടെ സുഹൃത്തായ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. വഴിയിൽ കണ്ടെത്തിയ മദ്യം സുധീഷ് നൽകിയതാണെന്ന് ചികിത്സയിലുള്ളവർ മൊഴി നൽകിയിരുന്നു. കത്തിച്ച നിലയിൽ മദ്യക്കുപ്പി പൊലീസ് പിന്നീട് കണ്ടെടുത്തു.