കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളിൽ വിമാനയാത്രികർ മാസ്ക് ധരിക്കണം: ഡബ്ല്യുഎച്ച്ഒ
വാഷിങ്ടൺ: ചൈന, ജപ്പാൻ, അമേരിക്ക എന്നിവയുൾപ്പെടെ നിരവധി വിദേശ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പലയിടത്തും പുതിയ വകഭേദങ്ങൾ ആണ് വ്യാപനത്തിന് കാരണമായിരിക്കുന്നത്. എക്സ്ബിബി.1.5 എന്ന പുതിയ വകഭേദമാണ് യുഎസിൽ കോവിഡ് തീവ്രവ്യാപനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ മാസ്കുകളുടെ ഉപയോഗം സംബന്ധിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വീണ്ടും നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
ദീർഘദൂര വിമാനയാത്രകൾ ചെയ്യുന്നവരോട് മാസ്ക് ധരിക്കാൻ രാജ്യങ്ങൾ നിർദ്ദേശം നൽകണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറഞ്ഞു. അമേരിക്കയിലടക്കം പുതിയ ഒമൈക്രോൺ വകഭേദങ്ങൾ അതിവേഗം വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണിത്. നിലവിൽ യൂറോപ്പിൽ എക്സ്ബിബി.1.5 വകഭേദം കുറവാണെങ്കിലും നിരക്ക് വർദ്ധിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
കോവിഡിന്‍റെ വ്യാപനം രൂക്ഷമായ പ്രദേശങ്ങളിലെ എല്ലാവരും ഈ നിർദ്ദേശം പാലിക്കുന്നത് അഭികാമ്യമെന്ന് യൂറോപ്പിലെ മുതിർന്ന എമർജൻസി ഓഫീസറായ കാതറിൻ സ്മോൾവുഡ് പറഞ്ഞു. അമേരിക്കയിലെ നിലവിലെ കോവിഡ് -19 വ്യാപനത്തിന്‍റെ 27.6 ശതമാനവും എക്സ്ബിബി.1.5 വകഭേദമാണ്. ബിഎഫ് 7, എക്സ്ബിബി.1.5 തുടങ്ങിയ വകഭേദങ്ങളാണ് ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ വ്യാപനത്തിന് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്. ജപ്പാനിലെ കൊവിഡ് നിരക്കും മരണങ്ങളും റെക്കോർഡ് നിലയിലേക്ക് ഉയരുകയാണ്.