പ്രധാന വാര്‍ത്തകള്‍
റേഷൻ കടകളിൽ ഗോതമ്പിന് പകരം റാഗി വിതരണം ചെയ്യാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ വഴി ഗോതമ്പിന് പകരം റാഗി വിതരണം ചെയ്യാൻ തീരുമാനം. ഗുണനിലവാരം ഉറപ്പാക്കിയ റാഗി കർണാടകയിലെ എഫ്.സി.ഐ ഗോഡൗണിൽ നിന്ന് കൊണ്ടുവന്ന് ഒരു കിലോ പാക്കറ്റുകളിൽ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. 687 മെട്രിക് ടൺ സാനിറ്റൈസ് ചെയ്ത റാഗിയാണ് സംസ്ഥാനത്ത് എത്തിക്കുക.
ആദ്യഘട്ടത്തിൽ ഒരു പഞ്ചായത്തിൽ ഒരു റേഷൻകട വഴി ആയിരിക്കും റാഗി വിതരണം ചെയ്യുക. അരിയും ഗോതമ്പും പ്രധാന ഭക്ഷണമായ സംസ്ഥാനത്ത് റാഗിയുടെ സ്വീകാര്യത അറിഞ്ഞ ശേഷമായിരിക്കും വിതരണം വ്യാപിപ്പിക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ കൂടുതൽ റേഷൻ കടകൾ വഴിയും റാഗി വിതരണം ചെയ്യും. സംസ്ഥാനത്തിന് ഗോതമ്പ് അനുവദിച്ച അതേ നിരക്കിൽ കേന്ദ്രം റാഗിയും നൽകും.