ജോഷിമഠിൽ സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ
ജോഷിമഠ് (ഉത്തരാഖണ്ഡ്): ജോഷിമഠിൽ വിള്ളലുകൾ രൂപപ്പെട്ട വീടുകളുടെയും കെട്ടിടങ്ങളുടെയും എണ്ണം 723 ആയി. ഇതിൽ 86 കെട്ടിടങ്ങൾ ഏറ്റവും അപകടകരമായ അവസ്ഥയിലാണ്. 131 കുടുംബങ്ങളിലെ 400 ലധികം പേരെ മാറ്റിപ്പാർപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായ മലാരി ഇൻ, മൗണ്ട് വ്യൂ എന്നിവിടങ്ങളിലെ ഹോട്ടലുകൾ പൊളിച്ചുനീക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ സേന. യാതൊരു മുന്നറിയിപ്പുമില്ലാതെ കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കെട്ടിടങ്ങളുടെ മൂല്യം നിർണയിച്ച് നഷ്ടപരിഹാരം നൽകിയ ശേഷം മാത്രമേ കെട്ടിടങ്ങൾ പൊളിച്ചുനീക്കാവൂ എന്നാണ് നാട്ടുകാരുടെ ആവശ്യം. കേന്ദ്രം നിയോഗിച്ച കൂടുതൽ സംഘങ്ങൾ ജോഷിമഠ് സന്ദർശനം നടത്തിവരുകയാണ്.
അതേസമയം, ജോഷിമഠിലെ ഭൂപ്രതിസന്ധി രൂക്ഷമാക്കിയ എൻടിപിസി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണം നിർത്തിവയ്ക്കാൻ ഉത്തരവിട്ടിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണ്. ശങ്കരാചാര്യ മഠത്തിലും വിള്ളലുകളുണ്ടായത് പദ്ധതിയുടെ ഭാഗമായ തുരങ്കം നിർമാണം മൂലമാണെന്നും മഠം വിമർശിച്ചു.
ജോഷിമഠിലെ വീടുകളിലും കെട്ടിടങ്ങളിലും വിള്ളലുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തപോവൻ പദ്ധതി ഉൾപ്പെടെ പ്രദേശത്തെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. എന്നാൽ ഭൂമി തകർന്ന് ജോഷിമഠിലെ ജനങ്ങൾ ഭീതിയോടെ ജീവിക്കുമ്പോഴും, ഉത്തരവ് കാറ്റിൽ പറത്തുകയും എൻടിപിസിയുടെ തപോവൻ-വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി തുടരുകയും ചെയ്യുന്നു.