ടൂറിസ്റ്റ് ബസുകൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: ക്രിമിനൽ പശ്ചാത്തലമുള്ളവരെയും മുമ്പ് കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെയും കോൺട്രാക്ട് വണ്ടികളുടെ ഡ്രൈവർമാരാക്കുന്നത് കർശനമായി തടയാൻ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധനയും നിയന്ത്രണവും ഫലപ്രദമായി നടത്തുന്നതിനു പകരം ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടത് മോട്ടോർ വാഹന വകുപ്പിന്‍റെ ഉത്തരവാദിത്തമാണെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു.
പാലക്കാട് വടക്കാഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ ഉല്ലാസയാത്രകൾക്ക് പരിഷ്കരിക്കാത്ത വാഹനങ്ങൾ ഉപയോഗിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. പിക്നിക്കിനെക്കുറിച്ച് ആർ.ടി.ഒയെ അറിയിക്കണം.
ലഹരിവസ്തുക്കൾ ഉപയോഗിച്ച് വാഹനമോടിക്കുന്നത് തടയാൻ എക്സൈസ് കമ്മീഷണർക്ക് കത്ത് നൽകിയിട്ടുണ്ട്. വിനോദയാത്രയ്ക്ക് പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ മദ്യപിച്ചിട്ടില്ലെന്നും അവരുടെ ലൈസൻസ് റദ്ദാക്കിയിട്ടില്ലെന്നും ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീം നൽകിയ പരാതിയിലാണ് നടപടി.