ഭൂപ്രശനങ്ങൾ സങ്കീർണ്ണം ആക്കി ജനങ്ങളെ ക്രൂശിക്കരുത്, കത്തോലിക്ക കോൺഗ്രസ്
ഭൂപ്രശനങ്ങൾ സങ്കീർണ്ണം ആക്കി ജനങ്ങളെ ക്രൂശിക്കരുത്, കത്തോലിക്ക കോൺഗ്രസ്.
ഇടുക്കിയിലെ ഭൂപ്രശനങ്ങൾ സങ്കീർണ്ണമാക്കി ജനങ്ങളെ ക്രൂശിക്കരുത് എന്ന് കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപതാ പ്രസിഡണ്ട് ജോർജ് കോയിക്കൽ ആവശ്യപ്പെട്ടു.
2019 ആഗസ്റ്റ് മാസം 22 ആം തീയതി സർക്കാർ പുറത്തിറക്കിയ നിർമ്മാണ നിരോധന ഉത്തരവ് നിരുപാധികം പിൻവലിക്കാനുള്ള തീരുമാനമെടുക്കാതെ കൂടുതൽ വ്യവസ്ഥകൾ അടിച്ചേൽപ്പിച്ച് ആ ഉത്തരവിനെ ന്യായീകരിക്കുന്ന നിലപാട് ആണ് ഭൂപ്രശനങ്ങൾ ചർച്ച ചെയ്ത ഉന്നത തല സമിതി കൈക്കൊണ്ടിട്ടുള്ളത്. ഈ നിലപാടിൽ ഇടുക്കിയിലെ ജനങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്.1964ലെ ഭൂപതിപ്പ് ചട്ടങ്ങൾ അനുസരിച്ച് നൽകിയിട്ടുള്ള പട്ടയഭൂമി കൃഷിക്കും ഭവന നിർമ്മാണത്തിനും മാത്രമുള്ളതാണ് എന്നും ഭാവനേതര ആവശ്യങ്ങൾക്കുള്ള നിർമ്മിതികൾ നിയമവിരുദ്ധമാണ് എന്നുമുള്ള റവന്യൂ വകുപ്പിന്റെ നിലപാട് 1964ലെ ഭൂപതിവ് ചട്ടങ്ങളുടെ ദുർവ്യാഖ്യാനം മാത്രമാണ്. ഈ ദുർവ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണ നിരോധനം ശരിവെച്ചു കൊണ്ടുള്ള കോടതിവിധി ഉണ്ടായിട്ടുള്ളത്. ഇക്കാര്യത്തിൽ സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ സർക്കാർ ഉത്തരവ് നിരുപാധികം പിൻവലിക്കുകയാണ് ചെയ്യേണ്ടത്. ഇടുക്കി ജില്ലയ്ക്ക് മാത്രമായി നിർമ്മാണ നിരോധനം ഏർപ്പെടുത്തുന്നത് ഭരണഘടന വിരുദ്ധവും നിലനിൽക്കാത്തതുമാണ്. ഇപ്പോൾ 1500 സ്ക്വയർ ഫീറ്റ് വരെയുള്ള കെട്ടിടങ്ങൾ സാധൂകരിക്കുകയും ആരാധനാലയങ്ങളും ആതുരാലയങ്ങളും സ്കൂളുകളും സർക്കാർ അർത്ഥ സർക്കാർ കെട്ടിടങ്ങളും ഒഴിവാക്കുകയും 1500 സ്ക്വയർ ഫീറ്റുകൾ മുകളിലുള്ള കെട്ടിടങ്ങൾഉയർന്ന ഫീസ് ഈടാക്കി നിലനിർത്തുകയും ചെയ്യുമെന്നുള്ളത് പ്രശ്നം കൂടുതൽ സങ്കീർണ്ണം ആക്കും. വ്യാവസായിക ആവശ്യങ്ങൾക്ക് ഉൾപ്പെടെ സ്വകാര്യ വ്യക്തികൾക്ക് പട്ടയഭൂമിയിൽ ഇത്തരം കെട്ടിടങ്ങൾ നിർമ്മിക്കാനാവാത്ത സ്ഥിതി സംജാതമാകും. നിലവിലുള്ള വലിയ നിർമ്മിതികൾ റെഗുലറൈസ് ചെയ്യാൻ ശ്രമിക്കുമ്പോൾ ജനങ്ങൾ വലിയ തുക ഫീസിനത്തിൽ നൽകേണ്ടിവരും എന്നു മാത്രമല്ല ഉദ്യോഗസ്ഥ തലത്തിൽ അത് വലിയ അഴിമതിക്ക് ഇടവരുത്തുകയും ചെയ്യും.നിയമസഭ ചേർന്ന് വിഷയം ചർച്ച ചെയ്യുകയും നിയമം ഭേദഗതി ചെയ്യുകയും ചെയ്യും എന്നുള്ള പ്രഖ്യാപനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 2019ലെ സർവകക്ഷി യോഗത്തിൽ ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളതാണ് അതിനുശേഷം പലതവണ നിയമസഭ ചെയർന്നെങ്കിലും ആവശ്യമായ നിയമ ഭേദഗതിക്ക് സർക്കാർ തയ്യാറായില്ല എന്നുള്ളത് ദുരൂഹമാണ്. മൂന്നാർ മേഖലയിലെ സർക്കാർ ഭൂമിയിലെ നിർമ്മിതികൾ തടയാൻ കഴിയാത്തതിന് സാധാരണ ജനങ്ങളെ ക്രൂശിക്കാൻ ശ്രമിക്കുന്നത് അത്യന്തം അപലപനീയമാണ് എന്ന് കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപതാ പ്രസിഡണ്ട് ജോർജ് കോയിക്കൽ അഭിപ്രായപ്പെട്ടു.