ചരിത്രം രചിച്ച് കോഹ്ലി; സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു
ഗുവാഹട്ടി: വീണ്ടും ചരിത്രം കുറിച്ച് വിരാട് കോഹ്ലി. കഴിഞ്ഞ വർഷം സെഞ്ച്വറി നേടിയാണ് കോഹ്ലി തന്‍റെ അവസാന മത്സരം പൂർത്തിയാക്കിയത്. മറ്റൊരു സെഞ്ച്വറിയോടെ കോഹ്ലി പുതുവർഷത്തിന് തുടക്കമിട്ടു. ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ വിരാട് കോഹ്ലിയുടെ സെഞ്ച്വറിക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ഇതോടെ നിരവധി റെക്കോർഡുകളും കോഹ്ലി സ്വന്തമാക്കി. ഗുവാഹട്ടിയിൽ വിരാട് കോഹ്ലി തന്‍റെ 73-ാം അന്താരാഷ്ട്ര സെഞ്ച്വറിയാണ് നേടിയത്. 80 പന്തിൽ നിന്നാണ് അദ്ദേഹം സെഞ്ച്വറി തികച്ചത്. ഇതോടെ ശ്രീലങ്കയ്ക്കെതിരെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറി നേടിയ താരമായി കോഹ്ലി മാറി. ശ്രീലങ്കയ്ക്കെതിരെ കോഹ്ലിയുടെ ഒമ്പതാം സെഞ്ച്വറിയാണിത്. എട്ട് സെഞ്ച്വറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് കോഹ്ലി മറികടന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ നേടുന്ന താരമെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനൊപ്പം എത്താനും കോഹ്ലിക്ക് സാധിച്ചു. ഇരുവരും 20 ഏകദിന സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ നേടുന്ന താരമെന്ന റെക്കോർഡും സച്ചിൻ ടെണ്ടുൽക്കറിനൊപ്പം കോഹ്ലി പങ്കിടുകയാണ്. ഓസ്ട്രേലിയക്കെതിരെ ഒമ്പത് ഏകദിന സെഞ്ച്വറികളാണ് സച്ചിൻ നേടിയത്. വെസ്റ്റ് ഇൻഡീസിനും ശ്രീലങ്കയ്ക്കുമെതിരെ വിരാട് കോഹ്ലി ഒമ്പത് ഏകദിന സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറി കൂടി നേടിയാൽ കോഹ്ലി ഈ റെക്കോർഡ് സ്വന്തമാക്കും.