കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 58 പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി; ഒരു വർഷത്തിനുള്ളിൽ പിരിച്ചുവിടും


തിരുവനന്തപുരം: ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 58 പൊലീസ് ഉദ്യോഗസ്ഥരെ ഒരു വർഷത്തിനുള്ളിൽ പിരിച്ചുവിടാൻ തീരുമാനം. രണ്ട് മാസത്തിനുള്ളിൽ നാല് പൊലീസുകാരെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവരെ ഒരു വർഷത്തിനുള്ളിൽ പിരിച്ചുവിടാൻ നടപടി സ്വീകരിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിരിച്ചുവിടലിനെതിരെ ഉദ്യോഗസ്ഥർക്ക് മേലുദ്യോഗസ്ഥർക്കും ഡി.ജി.പിക്കും സർക്കാരിനും അപ്പീൽ നൽകാം.
തിരുവനന്തപുരം റൂറൽ ജില്ലയിലും, ആലപ്പുഴയിലുമാണ് ഏറ്റവും കൂടുതൽ പൊലീസുകാർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളത്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ബേപ്പൂർ തീരദേശ പൊലീസ് ഇൻസ്പെക്ടർ പി.ആർ.സുനുവിനെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. 2016 മുതൽ ഇതുവരെ പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ 828 ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ദുരുപയോഗം ചെയ്യൽ, സ്ത്രീധന പീഡനം, സാമ്പത്തിക തട്ടിപ്പ്, ക്വാറി മാഫിയാ ബന്ധങ്ങൾ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ചിലർ ശിക്ഷിക്കപ്പെട്ടു. ചില കേസുകൾ വിചാരണയുടെ ഘട്ടത്തിലാണ്.
കേരള പൊലീസ് വകുപ്പ് അന്വേഷണ ചട്ടം ഭേദഗതി ചെയ്തതോടെ കോടതി ഉത്തരവിന് കാത്തുനിൽക്കാതെ ഉദ്യോഗസ്ഥരെ പിരിച്ച് വിടാം. എന്നാൽ കോടതി വിധി അനുകൂലമായാൽ പൊലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുക്കേണ്ടിവരും. 2017 മുതൽ ഇതുവരെ 12 പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കിയിട്ടുണ്ട്. 55,000 പേരടങ്ങുന്ന പൊലീസ് സേനയിൽ 1.56 ശതമാനം ക്രിമിനലുകളാണ്. ഇവർക്കെതിരായ അച്ചടക്ക നടപടികൾ ഊർജിതമാക്കാനും ഡി.ജി.പി നിർദ്ദേശം നൽകിയിട്ടുണ്ട്.