പ്രേമം സിനിമയിലൂടെ പ്രശസ്തിയാര്‍ജിച്ച ആലുവയിലെ അക്വഡേറ്റ് പാലം നാശത്തിന്‍റെ വക്കില്‍


ആലുവ: പ്രേമം സിനിമയിലൂടെ പ്രശസ്തിയാര്‍ജിച്ച ആലുവയിലെ അക്വഡേറ്റ് പാലം നാശത്തിന്‍റെ വക്കില്‍. സ്ലാബുകളടര്‍ന്നും കാടുകയറിയും നശിച്ചുതുടങ്ങിയ പാലം സാമൂഹ്യവിരുദ്ധര്‍ക്ക് താവളമാവുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.പാലം വിനോദസഞ്ചാര കേന്ദ്രമാക്കാനുളള ജില്ലാ പഞ്ചായത്തിന്‍റെ ശ്രമവും ഇതുവരെ ഫലവത്തായിട്ടില്ല.പ്രേമം സിനിമ ഹിറ്റായപ്പോള്‍ കൂടെ ഹിറ്റായതാണ് ആലുവയിലെ അക്വഡേറ്റ് പാലം. സിനിമയില്‍ ജോര്‍ജ് ,മേരിയെ വളയ്ക്കാന്‍ ചുറ്റിത്തിരിയുന്ന ഈ പാലം പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചിരുന്നു. പാലം കാണാന്‍ ദൂരെ ദിക്കില്‍ നിന്ന് പോലും ആളുകളെത്തി. ഇപ്പോഴും പ്രേമസല്ലാപത്തിന് കമിതാക്കളെത്തുന്നതിന് ഒരു കുറവുമില്ല. പക്ഷെ, നാട്ടുകാര്‍ക്ക് ഈ പാലം തലവേദന സൃഷ്ടിക്കുകയാണ്.
ഉളിയന്നൂര്‍ പെരിയാര്‍വാലി അക്വഡേറ്റ് 1965-ലാണ് നിലവില്‍ വന്നത്. ഭൂതത്താന്‍കെട്ട് അണക്കെട്ടില്‍നിന്ന് കനാലിലൂടെ പമ്ബ് ചെയ്യുന്ന വെള്ളം ആലുവയിലെത്തിയശേഷം അവിടെനിന്ന് പറവൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തില്‍ ആലുവയില്‍നിന്ന് അക്വഡേറ്റിലേക്ക് വെള്ളം പമ്ബ് ചെയ്ത് നോക്കിയെങ്കിലും വിജയിച്ചില്ല. ഇതോടെ അക്വഡേറ്റിന്‍റെ ശനിദശ തുടങ്ങി. കൈവരികള്‍ തകര്‍ന്നും സ്ലാബുകളടര്‍ന്നും കാടുകയറിയും കിടന്ന പാലം സമൂഹികവിരുദ്ധര്‍ താവളമാക്കി. ഇതോടെ, കാല്‍നടയാത്ര പോലും ദുസ്സഹമായെന്ന് നാട്ടുകാര്‍ പറയുന്നു.