സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടാൻ ശുപാർശ


തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം കൂട്ടാൻ ശുപാര്‍ശ. ശമ്പള വർദ്ധനവ് പഠിക്കാൻ രൂപീകരിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. വിവിധ അലവൻസുകളിൽ 30 മുതൽ 35 ശതമാനം വരെ വർദ്ധിപ്പിക്കാൻ ആണ് ശുപാർശ.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് നിയമസഭാംഗങ്ങളുടെ ശമ്പളം വർദ്ധിപ്പിക്കാനുള്ള ശുപാർശ സർക്കാരിന് മുന്നിലെത്തുന്നത്. ദൈനംദിന ചെലവുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആനുകൂല്യങ്ങളും അലവൻസുകളും സമയബന്ധിതമായി പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് സർക്കാർ കമ്മിഷൻ രൂപീകരിച്ചത്. ജൂലൈയിൽ ചേർന്ന മന്ത്രിസഭാ യോഗം ജസ്റ്റിസ് രാമചന്ദ്രൻ നായരെ ഏകാംഗ കമ്മീഷനായി നിയമിച്ചിരുന്നു.
കഴിഞ്ഞയാഴ്ചയാണ് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. അടിസ്ഥാന ശമ്പളത്തിൽ വലിയ വ്യത്യാസമില്ലാതെ അലവൻസുകളും ആനുകൂല്യങ്ങളും 30 മുതൽ 35 ശതമാനം വരെ വർദ്ധിപ്പിക്കാനാണ് ശുപാർശ. യാത്രാച്ചെലവ്, ഫോൺ സൗകര്യം, മെഡിക്കൽ അക്കോമഡേഷൻ തുടങ്ങി വിവിധ അലവൻസുകളിൽ വർദ്ധനവിന് നിർദ്ദേശമുണ്ട്. മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വിവാദത്തിനുള്ള സാധ്യത കണക്കിലെടുത്ത് തിടുക്കപ്പെട്ട് തീരുമാനമെടുക്കാൻ ഇടയില്ലെന്നാണ് വിവരം. നേരത്തെ 2018ലാണ് ശമ്പള വർദ്ധനവ് നടപ്പാക്കിയത്. നിലവിൽ മന്ത്രിമാർക്ക് 97,429 രൂപയും എംഎൽഎമാർക്ക് 70,000 രൂപയുമാണ് ശമ്പളം.