കുട്ടികളെ കണ്ടെത്താന്‍ കാടുകയറി അവരെ സ്വന്തം വാഹനത്തില്‍ എത്തിക്കുന്ന അധ്യാപകനുണ്ട് ഇടുക്കിയില്‍
തൊടുപുഴ: കുട്ടികളെ കണ്ടെത്താന്‍ കാടുകയറി അവരെ സ്വന്തം വാഹനത്തില്‍ എത്തിക്കുന്ന അധ്യാപകനുണ്ട് ഇടുക്കിയില്‍.വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ യു.പി സ്കൂളിലെ പ്രഥമാധ്യാപകന്‍ എസ്.ടി. രാജാണ് ആറോളം കുട്ടികളെ സ്കൂളിലെത്തിക്കാന്‍ സ്വന്തം വാഹനവുമായി ഇറങ്ങുന്നത്. വനംവകുപ്പിന്‍റെ ക്വാര്‍ട്ടേഴ്സിലാണ് കുട്ടികളും കുടുംബവും താമസിച്ചിരുന്നത്.അധ്യയനവര്‍ഷം ആരംഭിച്ചപ്പോള്‍ ഇവര്‍ സ്കൂളില്‍ പ്രവേശനം നേടിയിരുന്നെങ്കിലും ക്ലാസിലെത്തുന്ന ദിവസങ്ങള്‍ കുറവായിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണത്തിലാണ് കുട്ടികള്‍ അച്ഛനമ്മമാര്‍ക്കൊപ്പം കാടിനകത്തേക്കുപോയെന്ന് മനസ്സിലായത്. മലമ്ബണ്ടാര വിഭാഗത്തില്‍പ്പെട്ടവരാണിവര്‍.തുടര്‍ന്ന് വനംവകുപ്പിന്‍റെ അനുമതിനേടി കാടിനുള്ളിലെത്തി ഇവരുടെ താമസസ്ഥലം കണ്ടെത്തി കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. വാഹന സൗകര്യമുള്ള സ്ഥലത്തുനിന്ന് കുറച്ച് ദൂരെയാണ് ഇവര്‍ താമസിക്കുന്നത്. അതുകൊണ്ടുതന്നെ വാഹനം വരുന്ന സമയമൊന്നും ഇവര്‍ക്കറിയില്ല. ഇതുമൂലം ക്ലാസുകള്‍ പലതും മുടങ്ങുകയായിരുന്നു. രക്ഷിതാക്കളും ഇവര്‍ സ്കൂളില്‍ പോകുന്ന കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയില്ല.തുടര്‍ന്ന് മാതാപിതാക്കളെയും സ്കൂളിലെത്തുന്നതിന്‍റെ പ്രാധന്യമടക്കം ബോധ്യപ്പെടുത്തി കുട്ടികളെ അധ്യാപകന്‍തന്നെ ക്ലാസിലെത്തിക്കുകയായിരുന്നു. രാവിലെ എട്ടുമണിക്ക് കുട്ടികള്‍ താമസിക്കുന്നയിടത്തുപോയി ഒമ്ബതരക്ക് കുട്ടികളുമായി സ്കൂളിലെത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. വണ്ടിപ്പെരിയാര്‍-ഗവി റൂട്ടില്‍ വള്ളക്കടവ് ചെക്ക്പോസ്റ്റിനുള്ളില്‍ വരെപ്പോകും.വൈകീട്ട് പരാമവധി അവരെ കാറില്‍ത്തന്നെ കൊണ്ടെത്തിക്കും. തിരക്കാണെങ്കില്‍ പകരം വാഹനസൗകര്യം സ്കൂളില്‍നിന്ന് ഏര്‍പ്പെടുത്തിക്കൊടുക്കും. വാഹനസൗകര്യം ഉണ്ടാകുന്നതുവരെ കുട്ടികളെ കൊണ്ടെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് എസ്.ടി. രാജ് പറഞ്ഞു. അടുത്തയാഴ്ച മുതല്‍ റേഞ്ച് ഓഫിസര്‍ ഇടപെട്ട് വാഹന സൗകര്യം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.കൂടാതെ ഗോത്രസാരഥി പദ്ധതിയുടെ പ്രയോജനം ഇവര്‍ക്ക് ലഭ്യമാകുന്ന തരത്തിലുള്ള സംവിധാനത്തെക്കുറിച്ചും ആലോചിക്കുകയാണെന്ന് അധ്യാപകന്‍ പറഞ്ഞു.