600 യുക്രൈന്‍ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി റഷ്യ
കീവ്: റോക്കറ്റ് ആക്രമണത്തിൽ 600 ലധികം യുക്രൈന്‍ സൈനികരെ വധിച്ചതായി റഷ്യ. കിഴക്കൻ യുക്രൈനിലെ രണ്ട് കെട്ടിടങ്ങൾ ലക്ഷ്യമിട്ട് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ നിരവധി സൈനികർ കൊല്ലപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാൽ, ഞായറാഴ്ച വിവിധ കെട്ടിടങ്ങൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ക്രമാടോര്‍സ്‌ക് മേയർ പറഞ്ഞു.
ഡൊണാട്‌സ്‌ക് മേഖലയിലെ മകിവ്കയിലെ റഷ്യൻ ബാരക്കുകൾക്ക് നേരെ യുക്രൈൻ നടത്തിയ ആക്രമണത്തിൽ 89 സൈനികർ കൊല്ലപ്പെട്ടതിന്‍റെ പ്രതികാരമായാണ് സൈനിക നടപടിയെന്നാണ് റഷ്യയുടെ അവകാശവാദം. വിശ്വസനീയമായ ഇന്‍റലിജൻസ് വിവരത്തെ തുടർന്നാണ് കെട്ടിടങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു കെട്ടിടത്തിൽ 700 ലധികം സൈനികരും മറ്റേ കെട്ടിടത്തിൽ 600 സൈനികരും താമസിച്ചിരുന്നതായി റഷ്യ പറയുന്നു. റഷ്യയുടെ അവകാശവാദം ശരിയാണെങ്കിൽ, ഫെബ്രുവരി 24ന് റഷ്യൻ അധിനിവേശത്തിന് ശേഷം യുക്രൈനിൽ സംഭവിച്ച ഏറ്റവും വലിയ സൈനിക നാശമാണിത്.
പുതുവത്സര ദിനത്തിലാണ് റഷ്യയ്ക്ക് ഏറ്റവും കൂടുതല്‍ സൈനികരെ നഷ്ടമായ യുക്രൈന്‍ ആക്രമണമുണ്ടായത്. മോസ്കോ സമയം 12.01ന് ആറ് റോക്കറ്റുകൾ ആണ് സൈനിക താവളത്തിന് നേരെ പ്രയോഗിച്ചത്. ഇതിൽ രണ്ടെണ്ണം തകർക്കാൻ റഷ്യയ്ക്ക് കഴിഞ്ഞു. സൈനികര്‍ക്കിടയിലെ അനധികൃത സ്മാര്‍ട്‌ഫോണ്‍ ഉപയോഗമാണ് സൈനിക താവളം കണ്ടുപിടിക്കാന്‍ സഹായകമായതെന്ന് റഷ്യൻ അധികൃതർ ആരോപിച്ചു.