മേഫിളിന് പുതുജീവൻ; ശസ്ത്രക്രിയക്കായി ഡോക്ടർ എത്തിയത് ജർമ്മനിയിൽ നിന്ന്
മുംബൈ : ജൂഹു നിവാസികളുടെ ഹൃദ്രോഗം ബാധിച്ച വളർത്തുനായക്ക് അടിയന്തിര ശസ്ത്രക്രിയയിലൂടെ പുതുജീവൻ. 4 വയസ്സുള്ള മേഫിൾ എന്ന നായ്കുട്ടിയെ രക്ഷിക്കാൻ ജർമ്മനിയിൽ നിന്നുള്ള ഡോക്ടർ പറന്നെത്തുകയായിരുന്നു.
റാണ രാജ് വാങ്ക് വാല എന്ന വ്യക്തിയുടെ വളർത്തു നായ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് കാർഡിയോളജിസ്റ്റും, അനസ്തേഷ്യ വിദഗ്ധയുമായ ദീപ്തി പാണ്ഡെ നടത്തിയ വിദഗ്ധ പരിശോധനയിലൂടെയാണ്
മേഫിളിന്റെ ഹൃദയ വാൽവുകൾക്ക് ഗുരുതരമായ പ്രശ്നമുണ്ടെന്ന് വ്യക്തമായത്.
അടിയന്തിര ശസ്ത്രക്രിയയിലൂടെ മാത്രമേ നായ്ക്കുട്ടിയുടെ ജീവൻ രക്ഷിക്കാനാകൂ എന്നും അവർ പറഞ്ഞു. ഇന്ത്യയിൽ ഇത്തരം ശസ്ത്രക്രിയയുടെ വിജയ സാധ്യത വളരെ കുറവായതിനാൽ വിദേശത്തേക്ക് പോകാൻ തീരുമാനിച്ച കുടുംബത്തിന് തടസ്സമായി കൊറോണയെത്തി. ഇതോടെയാണ് ജർമ്മനിയിൽ നിന്നുള്ള ഡോക്ടർ മാത്തിയ ഫ്രാങ്ക് മേഫിളിന്റെ രക്ഷകനായെത്തിയത്. അന്ധേരിയിലെ ഏറ്റവും മികച്ച ക്ലിനിക്കിൽ നടന്ന ശസ്ത്രക്രിയ വിജയമായി.4 ആഴ്ചകൾക്ക് ശേഷം മേഫിൾ പഴയ പോലെ കുസൃതി കാണിക്കാനും തുടങ്ങി.