കട്ടപ്പനയില്‍ അന്യസംസ്ഥാന തൊഴിലാളിക്കടത്ത് !
കട്ടപ്പന: കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കട്ടപ്പനയില്‍ അന്യ സംസ്ഥാന തൊഴിലാളിക്കടത്ത്. യാതൊരുവിധ രേഖകളുമില്ലാതെ തൊഴിലാളികളെ ഇടുക്കിയില്‍ നിന്നും ആസാം, ബംഗാള്‍, ഛത്തീസ്ഗഡ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും തിരിച്ച് ഇടുക്കിയിലേക്കും കടത്തുന്ന സംഘമാണ് സജീവമായിരിക്കുന്നത്. വ്യാപക പരാതിയെ തുടര്‍ന്ന് കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗം ബസുകളില്‍ മിന്നല്‍ പരിശോധന നടത്തി. സംസ്ഥാന സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോഴും സീറ്റിങ് കപ്പാസിറ്റിയിലും അധികം ആളുകളെ കുത്തി നിറച്ചാണ് ബസുകളുടെ യാത്ര. സമാന രീതിയില്‍ ഇതര സംസ്ഥാന തൊഴിളികളെ ഇതേ ബസുകള്‍ ഇടുക്കിലെത്തിച്ച് തൊഴിലാളിക്കച്ചവടവും നടത്തുന്നു.
6000 രൂപ മുതല്‍ 10000 രൂപവരെയാണ് തൊഴിലാളികളുടെ വില. വാങ്ങുന്ന തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറച്ച് ഉടമ ഈ തുക വസൂലാക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ തൊഴിലാളികളുമായി ബസുകള്‍ വ്യാപകമായി സര്‍വീസ് നടത്തുന്നുവെന്ന പരാതിയിലാണ് കട്ടപ്പന നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആറ്റ്‌ലി.പി.ജോണിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. പുളിയന്മല റോഡില്‍ ഇന്നലെ ആറ് ബസുകളില്‍ തൊഴിലാളികളെ കുത്തിനിറച്ച നിലയിലാണ് ആരോഗ്യ വിഭാഗം കണ്ടെത്തിയത്.മതിയായ രേഖകളില്ലാതെയാണ് ബസുകള്‍ തൊഴിലാളികളുമായ് വന്നുപോകുന്നതെന്ന് ആരോഗ്യ വിഭാഗം കണ്ടെത്തി. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് നല്‍കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.