ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെയ്ക്കാന്‍ ഉത്തരവ്


കല്‍പറ്റ: ബത്തേരി നഗരത്തിൽ ഇറങ്ങിയ അപകടകാരിയായ കാട്ടാനയെ മയക്കുവെടി വെയ്ക്കാന്‍ ഉത്തരവ്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗാണ് ഉത്തരവിറക്കിയത്. നിലവിൽ ബത്തേരിക്കടുത്തുള്ള വനമേഖലയിലാണ് ആനയുള്ളത്. ആർആർടി സംഘം ആനയെ മയക്കുവെടി വെയ്ക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഇന്ന് ആനയെ കണ്ടെത്തി നാളെ രാവിലെയോടെ തളയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. തമിഴ്നാട്ടിൽ വളരെയധികം അപകടമുണ്ടാക്കിയ കൊലയാളി കാട്ടാനയായി കുപ്രസിദ്ധിയുള്ള ആനയാണിത്.
കഴിഞ്ഞ ദിവസമാണ് ബത്തേരി ടൗണിലും ജനവാസ കേന്ദ്രങ്ങളിലും എത്തിയത്. ജനവാസ മേഖലയിലേക്ക് പ്രവേശിച്ച കാട്ടാന മണിക്കൂറുകളോളം നാടിനെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തി. മയക്കുവെടിവെയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കാൻ അധികൃതർ വൈകുന്നതിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
വെള്ളിയാഴ്ച പുലർച്ചെ സ്വകാര്യബസിനുനേരെ ചീറിയടുത്ത കാട്ടാന പിന്നീട് കാൽനടയാത്രികനെ പരിക്കേൽപ്പിച്ചിരുന്നു. പള്ളിക്കണ്ടി സ്വദേശി സുബൈര്‍കുട്ടിക്കാണ് (തമ്പി-57) പരിക്കേറ്റത്. ഇയാൾ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. റോഡും നടപ്പാതയും വേർതിരിക്കുന്ന ഹാൻഡ് റെയിൽ ഉണ്ടായിരുന്നതിനാൽ ഭാഗ്യം കൊണ്ടാണ് സുബൈർകുട്ടി രക്ഷപെട്ടത്.