ബേപ്പൂരും കുമരകവും ‘സ്വദേശ് ദര്‍ശന്‍’ പദ്ധതിയില്‍ ഉൾപ്പെടുത്തി
കുമരകവും ബേപ്പൂരും കേന്ദ്രസർക്കാരിന്റെ സ്വദേശ് ദർശൻ 2.0 ടൂറിസം പദ്ധതിയുടെ ഭാഗമാക്കി. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ നിർദ്ദേശം പരിശോധിച്ച ശേഷമാണ് കേന്ദ്ര ടൂറിസം മന്ത്രാലയം പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഈ രണ്ട് സ്ഥലങ്ങളും ഉൾപ്പെടുത്തിയത്. കേരളത്തിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കാൻ ഇത് സഹായിക്കുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
സ്വദേശ് ദർശൻ പദ്ധതി പ്രകാരം 19 സംസ്ഥാനങ്ങളിലെ 36 കേന്ദ്രങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. ആഭ്യന്തര ടൂറിസം വികസിപ്പിക്കുന്നതിനായി 2015 ലാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. ടൂറിസം മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഇതുവരെ 76 പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.
രണ്ടാം ഘട്ടത്തിൽ കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളെ ദക്ഷിണേന്ത്യയിൽ നിന്ന് ഉൾപ്പെടുത്തിയിട്ടുണ്ട്. കർണാടകയിലെ ഹംപി, മൈസൂരു നഗരവും പദ്ധതിയുടെ ഭാഗമാണ്. കഴിഞ്ഞ വർഷത്തെ പൊതുബജറ്റിൽ 1,151 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.