പ്രത്യേക ആവശ്യങ്ങൾക്കായി രക്ഷിതാക്കളുടെ അറിവോടെ സ്കൂളുകളിൽ കുട്ടികൾ മൊബൈൽഫോൺ കൊണ്ടുവന്നാൽ സ്കൂൾസമയം കഴിയുംവരെ സ്വിച്ച് ഓഫ് ആക്കി സൂക്ഷിക്കാൻ സൗകര്യം ഒരുക്കണമെന്ന് ബാലാവകാശ കമ്മിഷൻ
കുട്ടികൾ സ്കൂളുകളിൽ മൊബൈൽഫോൺ ഉപയോഗിക്കേണ്ടതില്ലെന്നാണ് കമ്മിഷന്റെ നിലപാട്. എന്നാൽ കുട്ടികളുടെ അന്തസ്സിനും, ആത്മാഭിമാനത്തിലും ക്ഷതമുണ്ടാകുംവിധമുള്ള ദേഹ,ബാഗ് പരിശോധന നടത്തുന്നത് കർശനമായി ഒഴിവാക്കണം.കേവലനിരോധനമല്ല, സാമൂഹികമാധ്യമസാക്ഷരത ആർജിക്കാനുള്ള അവസരങ്ങൾ ബോധപൂർവം കുട്ടികൾക്ക് നൽകുകയാണ് വേണ്ടത്. കുട്ടികൾ മൊബൈൽഫോൺ ഉപയോഗിച്ചാൽ ആകാശം ഇടിഞ്ഞുവീഴുകയോ ഭൂമി നെടുകെ പിളരുകയോ ഇല്ലെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു.വടകര പുതുപ്പണം സ്വദേശി ഷാജി പി.യുടെ പരാതിയിലാണ് കമ്മീഷൻ അധ്യക്ഷൻ കെ.വി. മനോജ് കുമാർ, അംഗങ്ങളായ ബി. ബബിത, റെനി ആന്റണി എന്നിവരടങ്ങുന്ന ഫുൾബെഞ്ചിന്റെ ഉത്തരവ്. ഷാജിയുടെ മകൻ രക്ഷിതാക്കളുടെ അറിവോടെ സ്കൂളിൽ കൊണ്ടുപോയ മൊബൈൽഫോൺ സ്കൂൾ അധികൃതർ പിടിച്ചെടുത്തിരുന്നു. ചികിത്സാ വിവരങ്ങൾ അടക്കമുണ്ടായിരുന്ന ഫോൺ വിട്ടുകിട്ടുന്നതിനായാണ് കമ്മിഷനെ സമീപിച്ചത്.ഫോൺ മൂന്നുദിവസത്തിനകം വിട്ടുനൽകാൻ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. അധ്യാപകരും വിദ്യാർഥികളും മൊബൈൽഫോൺ സ്കൂളിൽ കൊണ്ടുവന്നാൽ കണ്ടുകെട്ടുന്നതിനും ലേലംവിളിച്ച് പി.ടി.എ. ഫണ്ടിലേക്ക് മുതൽകൂട്ടാമെന്നും 2010-ൽ പൊതുവിദ്യാഭ്യാസവകുപ്പ് സർക്കുലർ ഇറക്കിയിരുന്നു.