തിരുവനന്തപുരത്തെ ഇന്ത്യ-ശ്രീലങ്ക ഏകദിന ടിക്കറ്റ് വില്‍പ്പന ഇന്നുമുതല്‍
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന ഇന്ന് ആരംഭിക്കും. മത്സരത്തിനായി ഇരുടീമുകളും 13ന് തിരുവനന്തപുരത്ത് എത്തും. ഏകദിന പരമ്പരയിലെ അവസാന മത്സരം തിരുവനന്തപുരത്ത് നടക്കും. ജനുവരി 15ന് ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക.
2018 നവംബർ ഒന്നിനാണ് ആദ്യ ഏകദിനം സ്റ്റേഡിയത്തിൽ നടന്നത്. അന്ന് വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യ വിജയിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കയെ ഇവിടെ നടന്ന ടി20യിൽ ഇന്ത്യ തോൽപ്പിച്ചിരുന്നു.
ശനിയാഴ്ച വൈകീട്ട് അഞ്ചിന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി.ആര്‍. അനില്‍ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്യും. ഫസ്റ്റ് ക്ലാസ് മത്സരത്തിൽ 5000 റൺസ് തികയ്ക്കുന്ന കേരളത്തിലെ ആദ്യ താരമായ രോഹൻ പ്രേമിനെ ചടങ്ങിൽ ആദരിക്കും. കെ.സി.എ. പ്രസിഡന്‍റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്.കുമാർ തുടങ്ങിയവർ പങ്കെടുക്കും.