ഷാരോൺ വധക്കേസ്; കുറ്റപത്രം തയ്യാറാക്കി കേരള പൊലീസ്
തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ കേരള പൊലീസ് കുറ്റപത്രം തയ്യാറാക്കി. നെയ്യാറ്റിൻകര കോടതിയിൽ തന്നെ കുറ്റപത്രം സമർപ്പിക്കും. ഹൈക്കോടതി നിർദേശ പ്രകാരമാണ് കേരളത്തിൽ വിചാരണ നടത്താൻ തീരുമാനിച്ചത്. കേസിലെ ഒന്നാം പ്രതിയാണ് ഗ്രീഷ്മ. ഗ്രീഷ്നയുടെ അമ്മ ബിന്ദു രണ്ടാം പ്രതിയും അമ്മാവൻ നിർമൽ കുമാർ മൂന്നാം പ്രതിയുമാണ്.
10 മാസം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. ഈ മാസം 25ന് മുമ്പ് കുറ്റപത്രം സമർപ്പിക്കുമെന്നാണ് പൊലീസ് പറയുന്നത്. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനു മുമ്പ് കുറ്റപത്രം സമർപ്പിക്കും. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് വിനീത് കുമാറിനെ നിയമിച്ചു.
നാഗർകോവിലിലെ ഒരു സൈനികനുമായി വിവാഹനിശ്ചയം കഴിഞ്ഞിട്ടും പ്രണയ ബന്ധത്തിൽ നിന്ന് പിൻമാറാതെ വന്നതോടെയാണ്, ഗ്രീഷ്മ ഷാരോണിനെ കൊല്ലാൻ ശ്രമിച്ചത്. നെയ്യൂർ ക്രിസ്ത്യൻ കോളേജിലാണ് ആദ്യ വധശ്രമം നടന്നത്. കടയിൽ നിന്ന് വാങ്ങിയ ഒരു കുപ്പി മാമ്പഴ ജ്യൂസിൽ, 50 ഡോളോ ഗുളികകൾ പൊടിച്ചെടുത്ത് കലർത്തി ഷാരോണിന് കുടിക്കാൻ നൽകി. ഷാരോൺ കയ്പുകൊണ്ട് ജ്യൂസ് തുപ്പിയതിനാൽ രക്ഷപ്പെടുകയായിരുന്നു.
ഇരുവരുടെയും രണ്ടുവർഷത്തെ ചാറ്റുകളും ഡിലീറ്റ് ചെയ്ത ശബ്ദങ്ങളും ചിത്രങ്ങളും ഉൾപ്പെടെ ആയിരത്തിലധികം ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവർക്ക് കൃത്യത്തിൽ തുല്യപങ്കെന്നും കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം നടന്ന് 73 ദിവസമാകുമ്പോഴാണ് കുറ്റപത്രം തയാറാകുന്നത്.